HomeIndiaഗുരുവായൂരില്‍ നാളെ കല്യാണ മേളം: തിരക്ക് നിയന്ത്രിക്കാന്‍ ക്രമീകരണം

ഗുരുവായൂരില്‍ നാളെ കല്യാണ മേളം: തിരക്ക് നിയന്ത്രിക്കാന്‍ ക്രമീകരണം

ഗുരുവായൂരില്‍ നാളെ കല്യാണ മേളം. റെക്കോര്‍ഡ് വിവാഹമാണ് ഗുരുവായൂരില്‍ നാളെ ശീട്ടാക്കിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് വരെ 354 വിവാഹങ്ങള്‍ ശീട്ടാക്കി.

താലികെട്ട് നടക്കുന്നതിന് തൊട്ടുമുമ്പു വരെ ശീട്ടാക്കാന്‍ സൗകര്യമുള്ളതിനാല്‍ വിവാഹങ്ങളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. തിരക്ക് മുന്‍കൂട്ടി കണ്ട് ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയട്ടുണ്ട്. പുലര്‍ച്ച നാലുമണി മുതല്‍ താലികെട്ട് ആരംഭിക്കും.

താലിക്കെട്ടിനായി ആറ് മണ്ഡപങ്ങള്‍ സജ്ജമാക്കും. മണ്ഡപങ്ങള്‍ ഒരുപോലെ അലങ്കരിക്കും. താലികെട്ട് ചടങ്ങിന് കാര്‍മികത്വം വഹിക്കാന്‍ 6 കോയമ്മമാരെ നിയോഗിക്കും. 2 മംഗള വാദ്യസംഘവും ഉണ്ടാകും.

വരനും വധവും അടങ്ങുന്ന വിവാഹ സംഘം തെക്കേ നടയിലെ പട്ടേല്‍ കുളത്തിനോട് ചേര്‍ന്നുള്ള താല്‍ക്കാലിക പന്തലിലെ കൗണ്ടറില്‍ നിന്ന് ടോക്കണ്‍ വാങ്ങണം. ടോക്കണ്‍ വാങ്ങിയാല്‍ പന്തലില്‍ വിശ്രമിക്കാം.

താലിക്കെട്ടിന്റെ ഊഴമെത്തുമ്പോള്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ പ്രവേശിപ്പിക്കും. ഊഴമായാല്‍ മണ്ഡപത്തിലെത്തി താലികെട്ട് കഴിഞ്ഞ് തെക്കേ നടവഴി മടങ്ങണം. കിഴക്കേ നട വഴി മടങ്ങാന്‍ അനുവദിക്കില്ല .

ഫോട്ടോഗ്രാഫര്‍ ഉള്‍പ്പെടെ 24 പേര്‍ക്ക് മാത്രമാണ് മണ്ഡപത്തിന് സമീപത്തേക്ക് പ്രവേശനം അനുവദിക്കുക. ദര്‍ശനത്തിനുള്ള ഭക്തരെ പുലര്‍ച്ച നിര്‍മ്മാല്യം മുതല്‍ കൊടിമരത്തിന് സമീപം വഴി നേരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കും.

ദര്‍ശനത്തിനുള്ള പൊതുവരി വടക്കേ നടയിലൂടെ പടിഞ്ഞാറെ കോര്‍ണര്‍ വഴി ക്യു കോംപ്ലക്‌സിനകത്തേക്ക് കയറ്റി വിടും. പടിഞ്ഞാറ് നടവഴിയോ തെക്ക തിടപ്പിള്ളി വാതില്‍ വഴിയോ പുറത്തു പോകണം .

ദീപസ്തംഭം വഴി തൊഴാനെത്തുന്നവരെ കിഴക്കേനടയിലെ ക്യു കോംപ്ലക്‌സ് വഴി മാത്രം കടത്തിവിടും. കിഴക്കേ നടയിലും മണ്ഡപങ്ങളുടെ സമീപത്തേക്കും ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. കൂടുതല്‍ സെക്യൂരിറ്റി ജീവനക്കാരെയും പോലീസിനേയും നിയോഗിക്കും.

വിവാഹ തിരക്ക് കണക്കിലെടുത്ത് ഗുരുവായൂര്‍ നഗരത്തില്‍ നാളെ വാഹന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് ഗതാഗത നിയന്ത്രണം ഉണ്ടാവുക . വാഹനങ്ങള്‍ ഇന്നര്‍, ഔട്ട് റിംഗ് റോഡുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല.

Most Popular

Recent Comments