എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച; വിമര്‍ശനവുമായി വി എസ് സുനില്‍കുമാര്‍

0
എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച; വിമര്‍ശനവുമായി വി എസ് സുനില്‍കുമാര്‍

എഡിജിപി എം ആര്‍ അജിത്കുമാറും ആര്‍ എസ് എസ് ദേശീയ നേതാവും തമ്മില്‍ തൃശൂരില്‍ കൂടിക്കാഴ്ച നടത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച് തൃശൂര്‍ ലോക്‌സഭ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയായിരുന്ന വി എസ് സുനില്‍കുമാര്‍. കൂടിക്കാഴ്ച നടന്നെങ്കില്‍ അത് അതീവ ഗൗരവമാണെന്ന് സുനില്‍കുമാര്‍.

നിലവില്‍ ഇത് വാര്‍ത്തയാണ്. വസ്തുത എന്തെന്ന് പുറത്തു വന്നിട്ടില്ല. ആ കൂടിക്കാഴ്ച നടന്നെങ്കില്‍ അത് ഗുരുതരമായ കാര്യമാണ്. ആ കൂടിക്കാഴ്ചയ്ക്ക് തൃശൂര്‍ പൂരം കലക്കലുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നത് മാധ്യമങ്ങളാണ്. അങ്ങിനെയെങ്കില്‍ തൃശൂര്‍ പൂരം കലക്കിയ ഒരു കക്ഷി ആര്‍എസ്എസാണെന്ന് ഉറപ്പിക്കാം.

വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ഇത് ഗൗരവകരമായ കാര്യമാണ്. കൂടുതല്‍ അന്വേഷണം വേണം. കൂടുതല്‍ അറിഞ്ഞതിനു ശേഷമേ വിശദമായ മറുപടി നല്‍കാനാകൂ. സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമുണ്ട്. പൂരം അട്ടിമറിച്ചത് ആരെന്ന് അറിയണമെന്നും അതിന് വിശദമായ അന്വേഷണം വേണമെന്നും സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.