തൃശൂര്‍ പീച്ചി ഡാം യാതൊരു നിയന്ത്രണവുമില്ലാതെ തുറന്നു വിട്ടതാണ് 43 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കാന്‍ കാരണമെന്ന സബ് കളക്ടറുടെ റിപ്പോര്‍ട്ട് മന്ത്രി കെ രാജന്റെ നിലപാടിന് തിരിച്ചടിയായി. ഡാം തുറന്നു വിട്ടതല്ല ദുരന്തത്തിന് കാരണമെന്നായിരുന്നു മന്ത്രി കെ രാജന്റെ നിലപാട്.
ഇത് പ്രകൃതി ദുരന്തമാണെന്നും മനുഷ്യ നിര്‍മിത ദുരന്തമാക്കി ആനുകൂല്യങ്ങള്‍ ലഭിക്കാതിരിക്കാനുള്ള നീക്കമായി കാണേണ്ടി വരുമെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. പക്ഷേ ഇതെല്ലാം തള്ളുന്നതാണ് സബ്കളക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുതകള്‍. കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
ഡാം 72 ഇഞ്ചു വരെ തുറന്നുവിട്ടത് കളക്ടറുടെ അനുമതിയില്ലാതെയായിരുന്നു. ഇറിഗേഷന്‍ വകുപ്പിനും കെഎസ്ഇബിക്കും ഇതില്‍ തെറ്റുപറ്റിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പുറത്തുവിടാതെ വച്ചിരിക്കയായിരുന്നു. കോണ്‍ഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് നല്‍കിയ വിവരാവകാശ രേഖയിലൂടെയാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തു വന്നത്.
പീച്ചി ഡാം തുറന്നുവിട്ടതിലെ അപാകതയാണ് ദുരന്തത്തിന് കാരണമെന്ന് ‘മലയാളി ഡെസ്‌ക്’ തുടക്കത്തിലേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാത്രിയില്‍ ഡാമിന്റെ ഷട്ടറുകള്‍ 72 ഇഞ്ചു വരെ തുറന്നുവിട്ടതിനെ തുടര്‍ന്ന് 2018 ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ പോലും വെള്ളം കയറാത്ത വീടുകളിലേക്ക് ഇത്തവണ വെള്ളം കയറി. ഈ ദുരന്തം ഡാമിന്റെ ഷട്ടറുകള്‍ യാതൊരു നിയന്ത്രണവുമില്ലാതെ തുറന്നു വിട്ടതു മൂലമാണെന്ന് വ്യക്തമായിരുന്നു.
എന്നിട്ടും സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നേരിട്ട ദുരന്തത്തെ പ്രകൃതി ദുരന്തമാക്കി മാറ്റി ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള നീക്കമാണ് മന്ത്രി നടത്തിയതെന്ന് പ്രതിപക്ഷ പാര്‍ട്ടികളും ഒല്ലൂര്‍ മണ്ഡലത്തിലെ ദുരിതമനുഭവിച്ചവരും ആരോപിച്ചു.