പിണറായി വിജയൻ്റെ വിശ്വസ്തരെ ഒതുക്കി സിപിഎമ്മില്‍ ശക്തനാകാന്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇതിൻ്റെ ഭാഗമാണ് പി വി അന്‍വര്‍ എംഎല്‍എക്ക് നല്‍കുന്ന പരോക്ഷ പിന്തുണ.
ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും പൊളിറ്റിക്കല്‍ സെക്രട്ടറിക്കുമെതിരേ പരാതി ഉന്നയിച്ച പി വി അന്‍വര്‍ എംഎല്‍എയെ എം വി ഗോവിന്ദന്‍ തള്ളിയില്ല എന്നത് ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനും പൊലീസിനും എതിരെ വരുന്ന ആരോപണങ്ങളിലൂടെ പിണറായി വിജയനെ തളര്‍ത്തുക എന്നതാണ് ലക്ഷ്യം. ഇതോടെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പാര്‍ട്ടിയില്‍ ഒന്നാമനാകും.
പിണറായി വിജയന്റെ വിശ്വസ്തനായിരുന്ന ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കിയതില്‍ എം വി ഗോവിന്ദന് പ്രധാന പങ്കുണ്ടെന്നാണ് പാര്‍ട്ടി നേതാക്കളുടെ തന്നെ വിലയിരുത്തല്‍. ഗോവിന്ദന്‍ സെക്രട്ടറിയായതു മുതല്‍ ഇ പിയോടുള്ള സമീപനം അത്ര സുഖകരമായിരുന്നില്ല. പാര്‍ട്ടിയോട് ഇടഞ്ഞു നില്‍ക്കുന്ന സമീപനം സ്വീകരിച്ചിരുന്ന ഇ പിയുടെ നിലപാടിനെതിരെ പ്രതിഷേധം ഉള്ളിലൊതുക്കി കഴിയുകയായിരുന്നു ഗോവിന്ദന്‍.
മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണ നല്‍കുന്നതിനാലാണ് ഇ പിയെ ഒന്നും ചെയ്യാന്‍ കഴിയാതിരുന്നത്. താന്‍ നയിച്ച സംസ്ഥാന ജാഥയില്‍ പോലും പങ്കെടുക്കാതെ നിന്നിരുന്ന ഇ പിയെ പിണറായി വിജയന്‍ ഇടപെട്ടാണ് തൃശൂരില്‍ പങ്കെടുപ്പിച്ചത്.
തൃശൂര്‍ രാമനിലയത്തില്‍ ബിജെപി നേതാവ് ജാവദേക്കറുമായി ചര്‍ച്ച നടത്തിയ വിവരം അറിഞ്ഞതിനെ തുടര്‍ന്നാണ് പിണറായി വിജയന്‍ ഇ പിയെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയതെന്നാണ് സൂചന. പക്ഷേ ബി ജെ പി നേതാവുമായി ചര്‍ച്ച നടത്തിയ വിവരം പുറത്തു വന്നതോടെയാണ് പിണറായി വിജയനും ഇ പിയെ തള്ളിപ്പറയേണ്ട സാഹചര്യമുണ്ടായത്. ഇ പിയുടെ നിലപാടിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ പ്രചരണം നടത്തുകയും നടപടി സ്വീകരിക്കാനുള്ള കാരണമായി ഇതിനെ വലുതാക്കുകയും ചെയ്തത് എം വി ഗോവിന്ദന്റെ വിജയമായാണ് കാണുന്നത്.
പിണറായിയുടെ മറ്റൊരു വിശ്വസ്തനായ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരേയും ഭരണ മുന്നണി എം എല്‍എ തന്നെ പരാതി ഉന്നയിച്ച സാഹചര്യത്തില്‍ നടപടി സ്വീകരിക്കേണ്ടി വരുമെന്ന സൂചനയാണ് പാര്‍ട്ടി നേതാക്കള്‍ക്ക് എം വി ഗോവിന്ദന്‍ നല്‍കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച പി വി അന്‍വര്‍ നിരാശനായിരുന്നെങ്കിലും സെക്രട്ടറി എം വി ഗോവിന്ദനെ കണ്ടതോടെ വീണ്ടും ഉണര്‍ന്നു. ഇതാണ് ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന പ്രതീക്ഷ നല്‍കുന്നത്.
മുമ്പ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ രീതിയിലേക്ക് തന്നെ എം വി ഗോവിന്ദനും നീങ്ങുന്നുവെന്നാണ് ഇത്തരം നീക്കങ്ങളിലൂടെ വ്യക്തമാക്കുന്നത്. നാളിതുവരെ പാര്‍ട്ടിയെയും സര്‍ക്കാരിനെയും നയിച്ചിരുന്നത് പിണറായി വിജയന്‍ തന്നെയാണെന്ന് പരസ്യമായ രഹസ്യമാണ്. പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ മാറി മറിയുകയാണ്.
സിപിഎം സഹയാത്രികനായ എംഎല്‍എ വരെ സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെതിരെയും പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെയും ആരോപണം ഉന്നയിക്കാന്‍ തയ്യാറായിരിക്കുകയാണ്. പാര്‍ട്ടിയിലെ ഉന്നതരുടെ പിന്തുണയില്ലാതെ ഇതൊന്നും കഴിയില്ലെന്നത് വ്യക്തം. എം വി ഗോവിന്ദന്‍ തന്നെ പി വി അന്‍വറിനെ രഹസ്യമായി പിന്തുണയ്ക്കുന്നു എന്നാണ് ഇപ്പോള്‍ അണികളും വിശ്വസിക്കുന്നത്.