എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ബിജെപി നേതാവ് ജാവദേക്കറുമായി ചര്‍ച്ച നടത്തിയ കാര്യം പരസ്യമായി പറഞ്ഞതാണ് നീക്കങ്ങള്‍ പൊളിയാന്‍ കാരണമെന്ന് ബിജെപി നേതാക്കള്‍. ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ നടത്തിയ തുറന്നു പറച്ചിലാണ് എല്ലാ നീക്കങ്ങളും തകരാന്‍ കാരണമായതും.
ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്താണ് ഇ പിയുടെ ബിജെപി ബന്ധം സംബന്ധിച്ച ചര്‍ച്ച നടന്നത്. ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന ശോഭ സുരേന്ദ്രന്‍ ഈ വിഷയം പുറത്തു പറഞ്ഞത് അനവസരത്തിലായി എന്ന്് ജാവദേക്കറടക്കമുള്ള നേതാക്കള്‍ പ്രതികരിച്ചിരുന്നു. തുറന്നു പറഞ്ഞതിനെ കേന്ദ്ര നേതാക്കളും സംസ്ഥാന നേതാക്കളും തള്ളി.
ശോഭ സുരേന്ദ്രനെ ഈ വിഷയത്തില്‍ പാര്‍ടി താക്കീത് ചെയ്തു എന്നാണ് വാര്‍ത്ത. പല നേതാക്കളും പരസ്യമായി തന്നെയാണ് ശോഭയുടെ തുറന്നു പറച്ചിലിനെ തള്ളി പറഞ്ഞത്.
തന്നെ തഴഞ്ഞ് എം വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കിയതില്‍ ഇ പി കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പിന്നീട് ഗോവിന്ദന്റെ നേതൃത്വത്തില്‍ നടത്തിയ പല പരിപാടികളിലും വിട്ടു നിന്നും പ്രതിഷേധം രേഖപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയനാണ് പലപ്പോഴും ചര്‍ച്ച നടത്തി പ്രശ്നം തണുപ്പിച്ചത്. എം വി. ഗോവിന്ദന്‍ നടത്തിയ ജാഥയില്‍ നിന്ന് തുടക്കത്തില്‍ വിട്ടു നിന്നത് വിവാദമായിരുന്നു. പിന്നീട് വന്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ജാഥ തൃശൂരിലെത്തിയപ്പോള്‍ ഇ പി. ജയരാജന്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. തന്നെ ഒഴിവാക്കിയതിന് പാര്‍ട്ടി നേതാക്കളോട് നീരസം രേഖപ്പെടുത്തിയിരുന്നു.
പക്ഷേ മുഖ്യമന്ത്രി പിണറായി അടക്കം എം വി ഗോവിന്ദനെ തുണച്ചതോടെയാണ് മറ്റു വഴികളില്‍ ചിന്തിക്കാന്‍ ഇ പിയെ പ്രേരിപ്പിച്ചത്. എല്‍ഡിഎഫ് കണ്‍വീനര്‍ സഥാനം നല്‍കി ഇ പിയെ തണുപ്പിക്കാന്‍ നടത്തിയ ശ്രമം പക്ഷേ നടപ്പായില്ലെന്നു മാത്രം. ഇനി ഇ പി. ഏതു വഴി തെരഞ്ഞെടുക്കുമെന്നതാണ് പ്രധാനം.
പാര്‍ട്ടിക്കു വേണ്ടി തുടക്കം മുതല്‍ ശക്തനായ നേതാവായി നിന്ന ഇ പിക്ക് പാര്‍ട്ടി വിട്ട് ബിജെപിയില്‍ പോകാന്‍ എങ്ങനെ സാധിക്കുമെന്നാണ് മുതിര്‍ന്ന സിപിഎം നേതാക്കളുടെ ചോദ്യം. പക്ഷേ ഗത്യന്തരമില്ലെങ്കില്‍ ബിജെപിയിലേക്ക് പോകാനും സാധ്യതയുണ്ടെന്നാണ് സൂചന. പദവി സംബന്ധിച്ച കാര്യം വരെ ചര്‍ച്ച നടത്തിയെന്നാണ് മാസങ്ങള്‍ക്കു മുമ്പ് പുറത്തു വന്ന വിവരം.
ശോഭ സുരേന്ദ്രനെ പാര്‍ട്ടി ഈ വിഷയം ഇനി ചര്‍ച്ച ചെയ്യരുതെന്ന് താക്കീത് നല്‍കിയതോടെ കൂടുതല്‍ കാര്യങ്ങള്‍ വെളിവായില്ല. എന്തായാലും ബിജെപിയിലെ ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തി പാര്‍ട്ടിക്ക് ദോഷം ഉണ്ടാക്കിയെന്ന വിലയിരുത്തല്‍ തന്നെയാണ് ഇ പിയെ കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കാന്‍ കാരണം. ഇ പിയുടെ അടുത്ത നീക്കം നോക്കിയ ശേഷം കൂടുതല്‍ നടപടികളിലേക്ക് പോകാനാണ് പാര്‍ട്ടിയുടെ തീരുമാനം.