ഏറെ നാളായി സിപിഎമ്മിനെ പ്രതിരോധത്തില്‍ ആക്കിയ ഇ പി ജയരാജന്‍- ബിജെപി ബന്ധത്തില്‍ സിപിഎം നടപടി. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി.
സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റിലാണ് തീരുമാനം. പകരം ടി പി രാമകൃഷ്ണന്‍ കണ്‍വീനറാകുമെന്നാണ് സൂചന. കമ്മിറ്റിയില്‍ പങ്കെടുക്കാതെ ഇപി ജയരാജന്‍ കണ്ണൂരിലെ വീട്ടിലേക്ക് പോയി.
ഇ പി – ബിജെപി ബന്ധം ഇന്ന് സിപിഐഎം സംസ്ഥാന സമിതി ചര്‍ച്ച ചെയ്യാനിരിക്കെയാണ് നീക്കം. സ്ഥാനമൊഴിയാന്‍ സന്നദ്ധനാണെന്ന് ഇ പി പാര്‍ട്ടിയെ നേരത്തെ അറിയിച്ചിരുന്നു. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇ പി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിൻ്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ച നടത്തിയെന്ന വിവരം വന്‍ വിവാദമായിരുന്നു. ഈ കൂടിക്കാഴ്ച ഇ പി ജയരാജൻ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ഞാൻ ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ഇ പിയുടെ മറുപടി. രാഷ്ട്രീയ പ്രവര്‍ത്തനത്തിൻ്റെ ഭാഗമായി നേതാക്കള്‍ പലരെയും കാണാറുണ്ട്. ഇത്തരത്തിലായിരുന്നു ആ കൂടിക്കാഴ്ചയും എന്ന് പറഞ്ഞായിരുന്നു ഇ പിയുടെ പ്രതിരോധം. മുഖ്യമന്ത്രിയുള്‍പ്പടെ ഇക്കാര്യത്തില്‍ ഇ പിയെ വിമര്‍ശിച്ച് രംഗത്തെത്തി. ഇന്നത്തെ സംസ്ഥാന സമിതി ചര്‍ച്ച ചെയ്യുകയും നടപടി ഉണ്ടാകുമെന്നും ഉറപ്പായതോടെയാണ് ഇ പി ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചത്.
നാളെ മുതല്‍ സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കു തുടക്കമാകുകയാണ്. സമ്മേളനങ്ങളിൽ പരമാവധി വിമർശനങ്ങൾ ഒഴിവാക്കുക എന്നതും പാർടി കണക്കു കൂട്ടുന്നു.