എന്താണവിടെ നടക്കുന്നത്…സംസ്ഥാന നേതൃത്വത്തോട് ബിജെപി ദേശീയ നേതൃത്വം

0
എന്താണവിടെ നടക്കുന്നത്…സംസ്ഥാന നേതൃത്വത്തോട് ബിജെപി ദേശീയ നേതൃത്വം

എന്താണ് കേരളത്തില്‍ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തോടെ ദേശീയ നേതൃത്വത്തിന്റെ ചോദ്യം. കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി വിവാദ പ്രസ്താവനകള്‍ നടത്തി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളെ വെട്ടിലാക്കുകയും മാധ്യമ പ്രവര്‍ത്തകരുമായി കൊമ്പുകോര്‍ക്കുകയും പ്രതികരണത്തിനു കാത്തുനിന്ന മാധ്യമ പ്രവര്‍ത്തകരെ തളളിമാറ്റുകയും ചെയ്ത സംഭവങ്ങളെല്ലാം ദേശീയ നേതൃത്വത്തിന് അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.

കേരളത്തില്‍ ബിജെപി പച്ചപിടിക്കുന്ന സമയത്ത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ കേന്ദ്ര നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.
സിനിമയില്‍ അഭിനയിക്കണമെന്ന മോഹം പരസ്യമായി പ്രകടിപ്പിക്കുകയും അതിന്റെ പേരില്‍ മന്ത്രിസ്ഥാനം പോയാലും കുഴപ്പമില്ലെന്ന തരത്തിലുള്ള അഭിപ്രായ പ്രകടനവുമെല്ലാം ബിജെപി നേതൃത്തിന് അപ്രിയമായിട്ടുണ്ട്.
കേന്ദ്ര സഹമന്ത്രിയായതു കൊണ്ടു തന്നെ കേന്ദ്രനേതൃത്വം സുരേഷ് ഗോപിയുമായി സംസാരിക്കട്ടെ എന്ന നിലപാടാണ് സംസ്ഥാന നേതൃത്വം കൈക്കൊള്ളുന്നത്.

പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായുമടക്കം പാര്‍ട്ടിയിലെ ഉന്നതരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സുരേഷ്‌ഗോപിയെ നിയന്ത്രിക്കാനോ അച്ചടക്കം പഠിപ്പിക്കാനോ ശാസിക്കാനോ തങ്ങളെക്കൊണ്ടാവില്ലെന്ന് രഹസ്യമായി സംസ്ഥാന നേതാക്കള്‍ പറയുന്നു.
മാധ്യമങ്ങള്‍ തന്നെ നിരന്തരം ആക്രമിക്കുകയാണെന്നും താനാണ് ഇപ്പോള്‍ അവരുടെ ടാര്‍ജെറ്റെന്നുമാണ് സുരേഷ്‌ഗോപി അടുത്ത അനുയായികളോടു പറയുന്നത്.

സോഷ്യല്‍ മീഡിയകളില്‍ സുരേഷ് ഗോപിക്കെതിരെയും ബിജെപിക്കെതിരെയും ട്രോളുകളുടെ പെരുമഴയാണ്. ഇതെല്ലാം നിമിഷ നേരം കൊണ്ട് എത്രയോ പേര്‍ക്ക് ഷെയര്‍ ചെയ്യപ്പെടുന്നുമുണ്ട്.
ഇതും ബിജെപിക്ക് പൊതുസമൂഹത്തില്‍ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നു്. അതുകൊണ്ടു തന്നെ ഇനിയെങ്കിലും വിവാദങ്ങളില്‍ ചെന്നു ചാടരുതെന്ന് ബിജെപി കേന്ദ്രനേതൃത്വം സുരേഷ്‌ഗോപിയോട് നിര്‍ദ്ദേശിക്കുമെന്നാണ് സൂചന.