സംവിധായകന്‍ മോഹന്‍ അന്തരിച്ചു

0
സംവിധായകന്‍ മോഹന്‍ അന്തരിച്ചു

എണ്‍പതുകളില്‍ ശ്രദ്ധ നേടിയ ചിത്രങ്ങളുടെ സംവിധായകനും ഇരിങ്ങാലക്കുട സ്വദേശിയുമായ എം മോഹന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു.

കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനിടയില്‍ കുഴഞ്ഞ് വീണതിന് ശേഷം തിരുവനന്തപുരത്തും എറണാകുളത്തുമായി ചികില്‍സയിലായിരുന്നു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മരണം.

ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പില്‍ മടത്തി വീട്ടില്‍ പരേതരായ നാരായണന്‍നായരുടെയും അമ്മുക്കുട്ടി അമ്മയുടെയും മകനാണ്. 30 വര്‍ഷങ്ങളായി എറണാകുളം കസ്തൂര്‍ബാ നഗറില്‍ ആണ് താമസം. വിട പറയും മുമ്പേ, ശാലിനി എൻ്റെ കൂട്ടുകാരി തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളുടെ സംവിധായകനാണ്. മംഗളം നേരുന്നു, മുഖം എന്നീ ചിത്രങ്ങളും മോഹന്റേതാണ്.

2006 ല്‍ പുറത്തിറങ്ങിയ ക്യാംപസ് ആണ് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. നര്‍ത്തകിയായ അനുപമയാണ് ഭാര്യ. പുരേന്ദര്‍ ( ബിസിനസ്സ്, ചെന്നൈ), ഉപേന്ദര്‍ ( ബിസിനസ്സ്, എറണാകുളം ) എന്നിവര്‍ മക്കളും അന്‍ഷൂ മരുമകളുമാണ്.