പൂരം അലങ്കോലമാക്കല്‍: തലപ്പത്തുള്ളവരെ എല്ലാം മാറ്റി

0
പൂരം അലങ്കോലമാക്കല്‍: തലപ്പത്തുള്ളവരെ എല്ലാം മാറ്റി

തൃശൂര്‍ പൂരം അലങ്കോലമാക്കിയ സംഭവത്തില്‍ തലപ്പത്തുള്ളവരെ എല്ലാം സര്‍ക്കാര്‍ സ്ഥലം മാറ്റി. പോലീസ് തലപ്പത്തുള്ളവര്‍ക്കെതിരേ പരാതി ഉയരുകയും നടപടി സ്വീകരിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുള്ളതിനാല്‍ തല്‍ക്കാലം ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
എന്നാല്‍ പൂരം തടസ്സപ്പെടുത്തിയതിനെതിരെയുള്ള വികാരം കുറയുന്നത് കാത്തിരിക്കുകയായിരുന്നു സര്‍ക്കാര്‍. അതോടെ എല്ലാം സ്ഥലം മാറ്റത്തിലൊതുക്കി പ്രശ്നം പരിഹരിച്ചു.

പൂരം നേരിട്ട് തടസ്സപ്പെടുത്തിയ പോലീസ് കമ്മീഷണര്‍ അങ്കിത് അശോകനെതിരെ നടപടി സ്വീകരിക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. കമ്മീഷണറെ സ്ഥലം മാറ്റിയാണ് പ്രശ്നം തണുപ്പിച്ചത്. ഇതുവരെ അങ്കിത് അശോകന് പകരം തസ്തിക നല്‍കിയിട്ടില്ല. കുറച്ചു നാള്‍ കൂടി കാത്തിരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പൂരം പ്രശ്നം എല്ലാവരും മറക്കുന്നതോടെ പ്രധാന തസ്തിക തന്നെ നല്‍കുമെന്ന് പറഞ്ഞാണ് അങ്കിത് അശോകനെ സമാധാനപ്പെടുത്തിയിരിക്കുന്നത്.

പോലീസിനെതിരെ നടപടിയെടുത്താല്‍ എല്ലാറ്റിന്റെയും ചുമതലയുള്ള കലക്ടര്‍ക്കെതിരെയും നടപടി വേണമെന്ന് പോലീസ് സേനയില്‍ നിന്നു തന്നെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഈ സൂചന വ്യക്തമായതോടെയാണ് കലക്ടറായിരുന്ന വി ആര്‍ കൃഷ്ണതേജ അവസരം കിട്ടിയതോടെ ആന്ധ്രയിലേക്ക് ഡെപ്യൂട്ടേഷനില്‍ പോകാന്‍ അപേക്ഷ നല്‍കിയത്. അതുടന്‍ തന്നെ സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തതോടെ ആ പ്രശ്നത്തിനും പരിഹാരമായി.

അവസാനമായി കഴിഞ്ഞ ദിവസം ഡിഐജി അജിതാ ബീഗത്തെയും സ്ഥലം മാറ്റിയതോടെ പൂരം ദിവസങ്ങളില്‍ ഉണ്ടായിരുന്ന എല്ലാ മേലുദ്യോഗസ്ഥരും തൃശൂരില്‍ നിന്ന് തെറിച്ചു. അജിതാ ബീഗത്തിനെ തിരുവനന്തപുരത്തേക്കാണ് സ്ഥലം മാറ്റിയത്.

ബിജെപി സ്ഥാനാര്‍ഥിയായിരുന്ന സുരേഷ് ഗോപിക്കുവേണ്ടി തിരുവമ്പാടി വിഭാഗം പ്രസിഡന്റ് സുന്ദര്‍മേനോന്‍ കളിച്ച നാടകമാണ് പൂരം നിര്‍ത്തിവയ്ക്കാന്‍ കാരണമായതെന്നാണ് പോലീസ് നല്‍കിയ രഹസ്യ വിവരം. അതിനാല്‍ വലിയ പ്രശ്നങ്ങളുണ്ടാക്കാതെ സുന്ദര്‍മേനോനെതിരെ എന്തെങ്കിലും തരത്തില്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും കാത്തിരിക്കയായിരുന്നു. കുറി തട്ടിപ്പുകേസില്‍ ആരോപണ വിധേയനായിരുന്ന സുന്ദര്‍മേനോനെ അറസ്റ്റു ചെയ്തതോടെ തൃശൂര്‍ പൂരം അലങ്കോലമാക്കിയവരെയെല്ലാം കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞു.

സാവകാശം കാര്യങ്ങള്‍ കൈകാര്യം ചെയ്തതോടെ എവിടെ നിന്നും ഒരെതിര്‍പ്പും ഉണ്ടാകാതെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി. സുരേഷ് ഗോപിക്ക് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സുന്ദര്‍മേനോന്‍ കാര്യമായ ഇടപെടലുകള്‍ നടത്തിയെന്നാണ് മുഖ്യമന്ത്രിക്ക് കിട്ടിയിരുന്ന രഹസ്യ റിപ്പോര്‍ട്ട്. പക്ഷേ ദേവസ്വത്തിനെതിരെ എന്തെങ്കിലും നടപടിയെടുക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു.

പൂരത്തിനു മുമ്പു തന്നെ സുന്ദര്‍മേനോനെതിരെ തട്ടിപ്പ് കേസ് പുറത്തു വന്നെങ്കിലും പോലീസ് അനങ്ങിയിരുന്നില്ല. ഈ സംഭവത്തില്‍ കൂട്ടു പ്രതിയായ കോണ്‍ഗ്രസ് നേതാവ് സി എസ് ശ്രീനിവാസനെ ഇനിയും അറസ്റ്റു ചെയ്തിട്ടില്ല. സുന്ദര്‍മേനോനെ അറസ്റ്റ് ചെയ്തപ്പോള്‍ കോണ്‍ഗ്രസ് നേതാവിനെയും അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി നേതൃത്വം രംഗത്തു വന്നിരുന്നു. പക്ഷേ കോണ്‍ഗ്രസ് നേതാവ് രാജ്യം വിട്ടുവെന്നാണ് സൂചന.

പൂരം അലങ്കോലമാക്കിയതിന്റെ പേരില്‍ ആരെയും സ്ഥലം മാറ്റരുതെന്നായിരുന്നു സുരേഷ് ഗോപിയുടെ നിലപാട്. ഇവരെ കൊണ്ടുതന്നെ പൂരം എങ്ങനെ ഭംഗിയായി നടത്താമെന്ന് താന്‍ കാണിച്ചു തരാമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞിരുന്നത്. എന്നാല്‍ ഇതൊക്കെ തള്ളിയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.