തൃശൂര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെ. മുരളീധരന്റെ തോല്‍വിക്ക് ആക്കം കൂട്ടാന്‍ ശ്രമം നടത്തിയ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നു. നടപടിയുമായി മുന്നോട്ട് പോകാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഒരുങ്ങുന്നതായാണ് സൂചന.
ഇവര്‍ക്കെതിരെ പാര്‍ട്ടി നിയോഗിച്ച കമ്മീഷനില്‍ തെളിവുകളടക്കമുള്ള പരാതികളാണ് നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും നല്‍കിയിരിക്കുന്നത്. ഈ രണ്ടു നേതാക്കളും ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി ജില്ലയ്ക്ക് പുറത്തു വച്ച് ചര്‍ച്ചകള്‍ നടത്തിയതിന്റെ വിവരവും പുറത്തു വന്നിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചാല്‍ മാത്രമേ തൃശൂരിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനം സജീവമാകൂവെന്നാണ് കമ്മീഷനു മുമ്പില്‍ നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്.
തോല്‍വിയുടെ ആഘാതം ഇത്രയ്ക്കധികം വരുത്തി വച്ച ഈ നേതാക്കള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന നിലപാട് സംസ്ഥാന നേതൃത്വത്തെയും കുഴക്കിയിരിക്കയാണ്. കെ. മുരളീധരനും ഇവരുടെ നിലപാടുകള്‍ സംബന്ധിച്ച് പരാതി ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ താനായി ആക്ഷേപം ഉന്നയിച്ച് കൂടുതല്‍ നടപടിയെടുപ്പിക്കേണ്ട എന്ന നിലപാടിലാണ്.
പക്ഷേ ഇത്തരം കാലുവാരല്‍ നടത്തിയവരെ വെറുതെ വിടരുതെന്നും മുരളീധരന്‍ പറഞ്ഞിട്ടുണ്ട്. കമ്മീഷന്‍ ഈ പരാതികളും വിവരങ്ങളും ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന.
മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തൃശൂരിലെ നേതാക്കളെ ആരെയും അടുപ്പിച്ചിരുന്നില്ല. സജീവന്‍ കുരിയച്ചിറയാണ് എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത്. തൃശൂരിലെ നേതാക്കളുടെ നിലപാട് മനസിലായതിനാലാണ് മുരളീധരന്‍ ഇത്തരം ഒരു സമീപനം സ്വീകരിച്ചതെന്ന് പറയുന്നു. എന്നാല്‍ ഇത്ര കനത്ത തിരിച്ചടി കിട്ടുമെന്ന് കെ. മുരളീധരനും കരുതിയിരുന്നില്ല.
മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം ലഭിക്കാതെ ജില്ലയിലെ പ്രമുഖ നേതാക്കള്‍ വിട്ടു നിന്നതും ചര്‍ച്ചയായിരുന്നു. കൂടാതെ മറ്റു പാര്‍ട്ടികളെല്ലാം അവരുടെ ദേശീയ നേതാക്കളെയും സംസ്ഥാന നേതാക്കളെയുമൊക്കെ കൊണ്ടുവന്ന പ്രചരണം കൊഴുപ്പിച്ചപ്പോള്‍ മുരളീധരന്റെ പ്രചരണത്തിനു മാത്രം ആരെയും കൊണ്ടുവന്നില്ല.
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ. ശിവകുമാറിനെ നഗരത്തിന് പുറത്ത് കൊണ്ടുവന്ന് പ്രസംഗിപ്പിച്ചപ്പോള്‍ കേള്‍ക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും ഉണ്ടായിരുന്നില്ല. പിന്നീട് രാഹുല്‍ ഗാന്ധിയെ ചാവക്കാടാണ് പ്രചരണത്തിന് കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നത്. അത് അവസാന നിമിഷം റദ്ദാക്കുകയും ചെയ്തു.
തൃശൂര്‍ നഗരത്തില്‍ ചലനമുണ്ടാക്കുന്ന പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്താതെ നേതാക്കള്‍ മാറി നിന്നതിനെതിരേ മുരളീധരന്‍ തന്നെ രംഗത്തു വന്നിരുന്നു. എന്തായാലും ബിജെപിയിലെ സുരേഷ് ഗോപി ജയിക്കാന്‍ ജില്ലയിലെ രണ്ടു കോണ്‍ഗ്രസ് നേതാക്കളും കൂട്ടുനിന്നുവെന്ന സത്യം അധികം വൈകാതെ പുറത്തു വരും. ഇതോടെ തൃശൂരിലെ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറിയുണ്ടാകുമെന്നതില്‍ തര്‍ക്കമില്ല.