ഷൊര്‍ണൂര്‍- കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയിലെ കെ എസ് ടി പി യുടെ കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടങ്ങി. ക്രൈസ്റ്റ് കോളേജ് ജംഗ്ഷന്‍ മുതല്‍ പൂതംകുളം വരെയുള്ള റോഡിലാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മാണം നടക്കുക.
നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണം പ്രദേശത്ത് ആരംഭിച്ചു. തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ വാഹനങ്ങള്‍ ഠാണാവില്‍ നിന്നും മെയിന്‍ റോഡ് വഴി മാസ്സ് തിയറ്റര്‍ റോഡ്, ക്രൈസ്റ്റ് കോളേജ് റോഡ് വഴി ക്രൈസ്റ്റ് കോളേജ് ജംഗ്ഷനില്‍ നിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണ്.
തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സുകള്‍ ബസ്സ് സ്റ്റാന്റില്‍ നിന്നും എ കെ പി ജംഗ്ഷന്‍, ക്രൈസ്റ്റ് കോളേജ് റോഡ് വഴി ക്രൈസ്റ്റ് കോളേജ് ജംഗ്ഷനില്‍ നിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് സര്‍വീസ് നടത്തും.
ചാലക്കുടി ഭാഗത്തുനിന്നും വരുന്ന സ്വകാര്യ ബസ്സുകള്‍ ഠാണാവില്‍ നിന്നും മെയിന്‍ റോഡ് വഴി മാസ്സ് തിയറ്റര്‍ റോഡ്, ക്രൈസ്റ്റ് കോളേജ് റോഡ്, എ കെ പി ജംഗ്ഷന്‍ വഴി ബസ്സ് സ്റ്റാന്റില്‍ സര്‍വീസ് അവസാനിപ്പിക്കും.
റോഡിന്റെ പടിഞ്ഞാറ് വശത്തുമാത്രം നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കുന്നതല്ല. പൊതുജനങ്ങളും യാത്രക്കാരും വ്യാപാരികളും നിര്‍മ്മാണത്തോട് സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. നിശ്ചയിച്ച സമയത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്ന് മന്ത്രി. ആര്‍ ബിന്ദു അറിയിച്ചു.