കുറിപ്പടിയില്‍ മദ്യം: സര്‍ക്കാരിന് തിരിച്ചടി, ഉത്തരവിന് സ്റ്റേ

0

കുറിപ്പടിയില്‍ മദ്യം വിതരണം ചെയ്യാമെന്ന സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ. മൂന്നാഴ്ചത്തേക്കാണ് ഉത്തരവിന് സ്‌റ്റേ നല്‍കിയത്. ഐഎംഎ തുടങ്ങിയ ഡോക്ടര്‍മാരുടെ സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. സര്‍ക്കാരിന് ഹൈക്കോടതിയുടെ വാക്കാലുള്ള വിമര്‍ശനവും ലഭിച്ചു. ഡോക്ടര്‍മാര്‍ കുറിക്കില്ലെങ്കില്‍ പിന്നെന്തിനാണ് ഉത്തരവെന്ന് കോടതി ചോദിച്ചു.

സര്‍ക്കാര്‍ സാമൂഹ്യ പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിച്ചതെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. വിധി അംഗീകരിക്കുന്നുവെന്നും കൂടുതല്‍ കാര്യങ്ങള്‍ വിശദാംശങ്ങള്‍ അറിഞ്ഞ ശേഷം പറയാമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരിന് ഏറ്റ കനത്ത തിരിച്ചടിയാണ് ഹൈക്കോടതി സ്‌റ്റേയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളെയും ആശുപത്രികളേയും ഒരുപോലെ ദുരിതത്തിലാക്കുന്ന ഉത്തരവ് ഇറക്കിയതിന് സര്‍ക്കാര്‍ മാപ്പ് പറയണം.

സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് ലഭിച്ചതെന്ന് വി എം സുധീരന്‍ പറഞ്ഞു. കോടതി നടപടിയില്‍ സന്തോഷമുണ്ടെന്ന് ഐഎംഎ അഭിപ്രായപ്പെട്ടു.