ചെന്നൈയില്‍ ബിഎസ്പി നേതാവ് ആംസ്ട്രോങ്ങിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് വെല്ലൂരിലാണെന്നും കുപ്രസിദ്ധ ഗുണ്ട സംബോ സെന്തിലാണ് ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയതെന്നും അന്വേഷണസംഘം അറിയിച്ചു. കഴിഞ്ഞ ദിവസം കണ്ടെത്തിയ ഫോണുകളിൽനിന്ന്, കൊലപാതകികൾക്ക് ഇയാൾ ഓൺലൈനായി നിർദേശങ്ങൾ നൽകിയതു സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
അതേസമയം, സംബോ സെന്തിൽ വിദേശത്തേക്കു കടന്നതായാണു വിവരം. റൗഡി ആർക്കോട്ട് സുരേഷിന്റെ കൊലപാതകത്തിനു പ്രതികാരമായാണ് ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, സെന്തിലിന്റെ നേതൃത്വത്തിലുള്ള ആക്രിക്കച്ചവട ലോബിയുടെ വൈരാഗ്യവും കൊലപാതകത്തിനു കാരണമായെന്നു പൊലീസ് സംശയിക്കുന്നുണ്ട്.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർ ഉൾപ്പെടെ 16 പേരെ കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.