രാജ്യത്തിൻ്റെ നേട്ടങ്ങളും കഴിഞ്ഞ 10 വര്‍ഷക്കാലത്തെ ഭരണ മികവും വിവരിച്ച് ജനങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുറന്ന കത്ത്. 140 കോടി ജനങ്ങളെ അഭിസംബോധന ചെയ്താണ് കത്ത് എഴുതിയിട്ടുള്ളത്. മോദി കുടുംബം എന്ന ക്യാംപയിൻ്റെ ഭാഗമായാണ് കത്ത്.
ജനങ്ങളുടെ ജീവിതത്തില്‍ ഉണ്ടായ മാറ്റമാണ് കഴിഞ്ഞ 10 വര്‍ഷത്തെ ഏറ്റവും വലിയ നേട്ടമെന്ന് പ്രധാനമന്ത്രി പറയുന്നു. പാവപ്പെട്ടവരുടേയും കര്‍ഷകരുടേയും സ്ത്രീകളുടേയും യുവാക്കളുടേയും ജീവിതത്തിൻ്റെ ഗുണമേന്മ വര്‍ധിച്ചു. കേന്ദ്ര സര്‍ക്കാരിൻ്റെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ മാറ്റം.
പ്രധാനമന്ത്രി ആവാസ് യോജന എന്ന പദ്ധതിയിലൂടെ വീടും വൈദ്യുതിയും വെള്ളവും എല്‍പിജിയും നല്‍കാനായി. സൗജന്യ ചികിത്സയും കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായവും നല്‍കുന്നതാണ് ആയുഷ്മാന്‍ ഭാരത്. മാതൃ വന്ദന യോജന വനിതകള്‍ക്ക് എല്ലാ സഹായവും നല്‍കുന്നു. ഇത്തരത്തിലുള്ള നിരവധി പദ്ധതികളാണ് ജനങ്ങളുടെ ക്ഷേമത്തിനായി എന്‍ഡിഎ സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിയത്.
ജനങ്ങള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസം കൊണ്ടാണ് ജനക്ഷേമകരമായ എല്ലാ പദ്ധതികളും വിജയിച്ചത്. ഈ വിശ്വാസം കൊണ്ടാണ് ചരിത്ര പ്രധാനമായ മറ്റ് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിഞ്ഞത്. ജിഎസ്ടി നടപ്പാക്കല്‍, ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളയല്‍, മുത്തലാഖ് നിര്‍ത്തലാക്കല്‍, തീവ്രവാദത്തിന് എതിരെ ശക്തമായ നടപടികള്‍, നാരീ ശക്തി വന്ദന്‍ നിയമം, പുതിയ പാര്‍ലമെൻ്റ് മന്ദിരം.. ഇവയൊക്കെ സാധ്യമായത് ജനങ്ങള്‍ തന്നില്‍ വിശ്വാസം അര്‍പ്പിച്ചത് കൊണ്ട് മാത്രമാണ്. ജനപിന്തുണയാണ് രാജ്യത്തിൻ്റെ ക്ഷേമത്തിനായുള്ള ധീരമായ തീരുമാനങ്ങള്‍ എടുക്കാന്‍ തനിക്ക് തുണയായതെന്നും പ്രധാനമന്ത്രി നന്ദിയോടെ പറയുന്നു.