രാജ്യത്തെ പ്രതിപക്ഷത്തെയും നേതാക്കളേയും പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് കാലത്ത് ഉറപ്പുകള്‍ നല്‍കുകയും പിന്നീട് അവർ തന്നെ അപ്രത്യക്ഷരാവുകയും ചെയ്യുകയാണ് മുന്‍ സര്‍ക്കാരുകളുടെ രീതി. എന്നാല്‍ നരേന്ദ്ര മോദി വ്യത്യസ്ഥനാണ്. നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്ന ആളാണ്. ഉത്തര്‍പ്രദേശിലെ അസംഗഡില്‍ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.
മുമ്പ് ജനങ്ങളെ കബളിപ്പിക്കാന്‍ പ്രഖ്യാപനങ്ങള്‍ നടത്തുകയായിരുന്നു മുന്‍ സര്‍ക്കാരുകളിലെ നേതാക്കള്‍. മൂന്ന് പതീറ്റാണ്ട് മുമ്പ് നടത്തിയ പ്രഖ്യാപനങ്ങള്‍ പോലും നടപ്പാക്കപ്പെട്ടിട്ടില്ലെന്ന് പരിശോധിച്ചപ്പോള്‍ മനസ്സിലായി. തെരഞ്ഞെടുപ്പിന് മുമ്പ് ഫലകങ്ങള്‍ സ്ഥാപിക്കും. വലിയ വാഗ്ദാനങ്ങള്‍ നല്‍കും. എന്നാല്‍ പിന്നീട് ഫലകങ്ങള്‍ തന്നെ അപ്രത്യക്ഷമാകും. പിന്നാലെ നേതാക്കളും.
മോദി വ്യത്യസ്ഥ സ്വഭാവമുള്ളയാളാണ്. 2019ല്‍ തങ്ങള്‍ സ്ഥാപിച്ച തറക്കല്ലുകള്‍ തെരഞ്ഞെടുപ്പിന് വേണ്ടി ആയിരുന്നില്ല. അവയെല്ലാം ഉദ്ഘാടനം ചെയ്തതായി നിങ്ങള്‍ക്ക് കാണാം. പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും നടപ്പാക്കുന്ന വ്യത്യസ്ഥനാണ് നരേന്ദ്ര മോദിയെന്നും പ്രധാനമന്ത്രി പറഞ്ഞു.