കോണ്‍ഗ്രസിന്റെ ഒരോയൊരു ലീഡര്‍ കെ കരുണാകരൻ്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേരളത്തിൻ്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രകാശ് ജാവദേക്കറില്‍ നിന്ന് പദ്മജ അംഗത്വം സ്വീകരിച്ചു.
കടുത്ത അഭ്യൂഹങ്ങളായിരുന്നു പദ്മജയുടെ പാര്‍ടി മാറ്റത്തെ കുറിച്ച് ഉണ്ടായത്. ഒരു ചാനലില്‍ വന്ന വാര്‍ത്ത നിഷേധിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട അവര്‍ ഒരു ദിവസത്തിന് ശേഷം പിന്‍വലിച്ചു. എന്നും കോണ്‍ഗ്രസുകാരിയായിരിക്കും എന്ന് അവകാശപ്പെട്ടിരുന്നു വ്യക്തിയാണ് അവര്‍. സഹോദരനും അച്ഛനും കോണ്‍ഗ്രസ് വിട്ട് പുതിയൊരു പാര്‍ടി ഉണ്ടാക്കിയപ്പോഴും അതിലേക്ക് പോവാതെ കോണ്‍ഗ്രസിന് ഒപ്പം നിൽക്കുകയും ചെയ്തു.
തുടര്‍ച്ചയായ അവഗണനയില്‍ മനം മടുത്താണ് കോണ്‍ഗ്രസ് വിടുന്നതെന്ന് പദ്മജ പറയുന്നു. തെരഞ്ഞെടുപ്പുകളില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവരെ നേതൃത്വം അംഗീകരിക്കുകയും സ്ഥാനമാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. വേദനയോടെയാണ് ഈ മാറ്റം. തന്നെ കുറിച്ച സഹോദരനായ കെ മുരളീധരന്‍ പറഞ്ഞത് കേട്ട് ചിരിയാണ് വരുന്നതെന്നും കരുണാകരൻ്റെ മകള്‍ പറഞ്ഞു.
ലോകസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉണ്ടായ ഈ രാഷ്ട്രീയ സാഹചര്യം ബിജെപി മുതലെടുക്കുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയും. പദ്മജയെ ഭാവിയില്‍ ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയായോ ഗവര്‍ണറായോ കണ്ടേക്കാം എന്ന അഭ്യൂഹം നിലനില്‍ക്കുന്നു.