തിരഞ്ഞെടുപ്പ് ഡസ്ക്ക്
പാലക്കാട് ഇക്കുറി ചൂട് കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ലോകസഭ തെരഞ്ഞെടുപ്പ് ചൂട് അതിനേക്കാൾ കൂടുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന.
ഇടത്-വലത് മുന്നണികൾ എന്ന പതിവ് പല്ലവിയാകില്ല ഇക്കുറി പാലക്കാട് ലോകസഭ മണ്ഡലത്തിൽ കാണുക. ഇടത് കോട്ടയെന്ന് പണ്ട് അഹങ്കരിച്ചിരുന്ന സിപിഎമ്മും, തങ്ങളുടെ സീറ്റ് എന്ന് ഉറപ്പിച്ചിരുന്ന കോൺഗ്രസും ഇക്കുറി വലിയ ഉറപ്പൊന്നും പറയില്ല. പുറമേ എന്ത് നടിച്ചാലും കാര്യങ്ങൾ അത്ര ശുഭകരമല്ല. കാരണം ബിജെപി സ്ഥാനാർത്ഥിയായി സി കൃഷ്ണകുമാർ വരുന്നതിനെ അവർ ഭയക്കുന്നു. ഈ ഭയത്തിൻ്റെ കാരണം അദ്ദേഹത്തിൻ്റെ ജനങ്ങളുമായുള്ള ബന്ധം തന്നെ.
ത്രികോണ മത്സരം കനക്കുന്ന സംസ്ഥാനത്തെ ഏറ്റവും പ്രധാന മണ്ഡലം ഒരു പക്ഷേ പാലക്കാട് ആയിരിക്കും. ഇടതു മുന്നണി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് രംഗത്തിറങ്ങി കഴിഞ്ഞു. നിലവിലെ എംപി വി കെ ശ്രീകണ്ഠൻ തന്നെയാകും യുഡിഎഫ് സ്ഥാനാർത്ഥി എന്ന് ഏതാണ്ട് ഉറപ്പാണ്. വിജയം ഉറപ്പിക്കാൻ ശ്രീകണ്ഠനും കളത്തിൽ ഉണ്ട്.
എൻഡിഎ മുന്നണിക്കായി ബിജെപി ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ തന്നെയാകും മത്സരിക്കുക എന്നാണ് വിവരം. സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ നയിച്ച കേരള പദയാത്രക്ക് മുന്നോടിയായി സി കൃഷ്ണകുമാർ നടത്തിയ പാലക്കാട് മണ്ഡലം തല ഉപയാത്ര ഗംഭീര വിജയമായിരുന്നു. ഇത്രയും ജനപങ്കാളിത്തത്തോടെ ഒരു മണ്ഡലം തല പദയാത്ര പാലക്കാട് നടന്നിട്ടില്ലെന്ന് തന്നെ പറയാം. യാത്രയുടെ ഭാഗമായി നടന്ന സമാപന പൊതുയോഗങ്ങളിൽ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തത് സ്ഥിരം കാഴ്ചയായി. കൂടാതെ മറ്റ് പാർടികളിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകർ ബിജെപിയിൽ ചേരുകയും ചെയ്തു.
കൃഷ്ണകുമാർ തന്നെയാകും എൻഡിഎ സ്ഥാനാർത്ഥി എന്നുറപ്പിച്ചിരിക്കുകയാണ് പാലക്കാട്ടെ വോട്ടർമാർ. അവർക്ക് ഏറെ പരിചയമുള്ള കൃഷ്ണകുമാർ കൂടി എത്തുമ്പോൾ പോരാട്ടം കനക്കും. സി കൃഷ്ണകുമാർ, വി കെ ശ്രീകണ്ഠൻ, എ വിജയരാഘവൻ…മൂന്ന് പേർക്കും വിജയം അത്ര എളുപ്പം കൈപ്പിടിയിൽ ഒതുക്കാനാവില്ല.
നിലവിലെ എംപിക്ക് പഴയ മണ്ണാർക്കാട്ടെ സൌഹൃദ തണൽ ഇക്കുറി ലഭിക്കില്ല. പതിനായിരം വോട്ടിൻ്റെ ഭൂരിപക്ഷമാണ് കഴിഞ്ഞ തവണ ലഭിച്ചത്. ഇക്കുറി ആ ബന്ധം ഇല്ലെങ്കിൽ എന്താകും എന്ന് കണ്ടറിയണം. പാലക്കാടിനായി യാതൊന്നും പുതുതായി കൊണ്ടുവരാത്ത എംപിയെന്ന എതിരാളികളുടെ ആരോപണം മറികടക്കാൻ നന്നായി വിയർക്കേണ്ടി വരും ശ്രീകണ്ഠന്.
പാർടിയിലെ ഗ്രൂപ്പ് പോരും യുവ പ്രതിനിധിയെ നിർത്താത്തതിലെ എതിർപ്പും എ വിജയരാഘവന് തിരിച്ചടിയാണ്. വാക്കുകൾ ഉപയോഗിക്കുന്നതിലെ ആശ്രദ്ധ എപ്പോഴും തിരിച്ചടിയാണ് സിപിഎമ്മിൻ്റെ ഈ പോളിറ്റ് ബ്യൂറോ അംഗത്തിന്. കൂടാതെ പിണറായി വിജയൻ സർക്കാരിനെതിരെയുള്ള കടുത്ത പ്രതിഷേധവും നേരിടേണ്ടി വരും. നെൽ കർഷകരുടെ ചോദ്യങ്ങളും വ്യാവസായിക മേഖലയുടെ തകർച്ചയും ക്ഷേമ പെൻഷനും.. എല്ലാം വിജയരാഘവനെ കാത്തിരിക്കുന്നു.
എംപിയും എംഎൽഎയും ഇല്ലാതിരുന്നിട്ടും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ചെയ്ത കോടികളുടെ വികസനമായിരിക്കും എൻഡിഎയുടെ തുറുപ്പ് ചീട്ട്. കൂടാതെ ജനകീയൻ എന്ന സി കൃഷ്ണകുമാറിൻ്റെ ക്ലീൻ ഇമേജും. മലമ്പുഴയിൽ വിഎസ് എന്ന അതികായനെ വിറപ്പിച്ചിട്ട് രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട് കൃഷ്ണകുമാർ. പാലക്കാട് നഗരസഭയിൽ വൈസ് ചെയർമാനായിരിക്കെ വികസന നായകൻ എന്ന വിളിപ്പേരും കൃഷ്ണകുമാർ സ്വന്തമാക്കിയിട്ടുണ്ട്. പാലക്കാട് എൻഡിഎ എംപി വന്നാൽ കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പാണെന്ന ബിജെപിയുടെ ഗ്യാരണ്ടിയും ജനങ്ങളെ സ്വാധീനിച്ചേക്കും.
എന്തായാലും പാലക്കാട് ഇനി ചൂട് കൂടും. ഇപ്പോൾ തന്നെ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനായി മൂന്ന് മുന്നണികൾ പടക്കിറങ്ങുമ്പോൾ ആ ചൂട് എത്രത്തോളം ആകും എന്നേ ഇനി കണ്ടറിയേണ്ടൂ..