സി കൃഷ്ണകുമാര്‍ നയിക്കുന്ന പാലക്കാട് മണ്ഡലം ഉപയാത്ര ഇന്ന് കടന്നുപോയത് ഷൊര്‍ണൂരിൻ്റെ മണ്ണിലൂടെ. കേരള ചരിതത്തില്‍ ഒരുപാട് നിറമുള്ള ഓര്‍മകള്‍ക്ക് വിത്തേകിയ മണ്ണാണ് ഷൊര്‍ണൂര്‍. റെയില്‍വേ വളര്‍ച്ചയിലും മെറ്റല്‍ വ്യവസായത്തിലും സംസ്ഥാനത്തിന് സംഭാവന നല്‍കിയ ഷൊര്‍ണൂര്‍.
നിറം മങ്ങിയ ഷൊര്‍ണൂര്‍ ഇന്ന് കേഴുകയാണ്. ഗതകാല സ്മരണകളില്‍ മുഖം മങ്ങിയ ഷൊര്‍ണൂര്‍ ഇന്നാവശ്യപ്പെടുന്നത് വളര്‍ച്ചയാണ്, വികസനമാണ്, പുരോഗതിയാണ്.
അതുതന്നെയാണ് ഉപയാത്രയെ കാണാനും ആശിര്‍വദിക്കാനും എത്തിയ ആയിരങ്ങള്‍ ക്യാപ്റ്റന്‍ സി കൃഷ്ണകുമാറിനോട് പറയുന്നതും. ഞങ്ങളുണ്ട് കൂടെ..മോദിയുടെ ഗ്യാരണ്ടി വികസിത പാലക്കാട് എന്ന മുദ്രാവാക്യം ഞങ്ങള്‍ക്ക് വേണം. പാലക്കാടിന് വേണം..
അഭൂതപൂര്‍വമായ ആവേശമാണ് ഷൊര്‍ണൂരില്‍ സി കൃഷ്ണകുമാറിനും യാത്രക്കും ലഭിച്ചത്. വ്യവസായ മേഖലയെന്ന പേരില്‍ മാത്രം ഊറ്റം കൊള്ളുകയും ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷന്‍ എന്ന പേര് കൊണ്ടുനടക്കുകയും ചെയ്യുന്ന ഷൊര്‍ണൂര്‍ മാറി ചിന്തിക്കുകയാണ്. മാറ്റത്തിൻ്റെ തേര് തെളിക്കാന്‍ അവര്‍ക്ക് ഇനി ബിജെപിയുടെ ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി കൈ ഉയര്‍ത്തുന്ന എംപിയുടെ ആവശ്യമുണ്ട്. അതിനായി ഷൊര്‍ണൂരും ഒരുങ്ങി കഴിഞ്ഞു എന്നതിൻ്റെ തെളിവായി ഉപയാത്രക്ക് ലഭിച്ച ഗംഭീര വരവേല്‍പ്പ്.
തൃക്കങ്ങോട് ആരംഭിച്ച ഉപയാത്രയില്‍ നൂറുകണക്കിന് ജനങ്ങളാണ് പങ്കെടുത്തത്. വഴിയരികില്‍ വീട്ടമ്മമാരടക്കും കാത്ത് നിന്ന് ജാഥയെ വരവേറ്റു. കുഞ്ഞുങ്ങള്‍ ക്യാപ്റ്റന്‍ കൃഷ്ണകുമാറിനെ കാത്ത് നിന്നു.
ജാഥാ ക്യാപ്റ്റന്‍ സി കൃഷ്ണകുമാറിന് പതാക കൈമാറി സംസ്ഥാന വൈസ് പ്രസിഡണ്ട് പി രഘുനാഥ് പദയാത്ര തൃക്കങ്ങോട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ എം ഹരിദാസ് പങ്കെടുത്തു. കുളപ്പുള്ളിയില്‍ ചേര്‍ന്ന സമാപന പൊതുയോഗം പി രഘുനാഥ് ഉദ്ഘാടനം ചെയ്തു. സി കൃഷ്ണകുമാര്‍ സ്വീകരണത്തിന് നന്ദി പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ മുന്നോടിയായാണ് പാലക്കാട് മണ്ഡലം ഉപയാത്ര സംഘടിപ്പിക്കുന്നത്.