ഷൊര്‍ണൂര്‍ നഗരസഭയുടെ വികസന കാര്യത്തില്‍ വി കെ ശ്രീകണ്ഠന്‍ എംപി ഒരു തുറന്ന സംവാദത്തിന് തയ്യാറുണ്ടോ എന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍. ബിജെപി ഷൊര്‍ണൂര്‍ മണ്ഡലം ഉപയാത്ര പര്യടനത്തിൻ്റെ കുളപ്പുള്ളിയിൽ ചേർന്ന സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണകുമാര്‍.
2004 മുതല്‍ 2014 വരെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സർക്കാരായിരുന്നു കേന്ദ്രം ഭരിച്ചിരുന്നത്. ഇക്കാലയളവിനുള്ളില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയും കേരളം ഭരിച്ചു. എന്നിട്ടും എന്താണ് ഷൊര്‍ണൂര്‍ നഗരസഭക്കും ഷൊര്‍ണൂരിനാകെയും ലഭിച്ചത് എന്ന് വിശദമാക്കണം.
2014 മുതല്‍ 2024 വരെ ഭരിച്ച നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തതെന്താണെന്നും അന്വേഷിക്കണം. അപ്പോള്‍ മനസ്സിലാക്കും മോദിയുടെ ഗ്യാരണ്ടി എന്താണെന്ന്.
എസ്ഡിപിഐ നേതാക്കള്‍ പറയുന്നത് അവര്‍ക്ക് ഭരണഘടനയുടെ ഗ്യാരണ്ടിയാണ് വേണ്ടതെന്നാണ്. അതാണ് നരേന്ദ്ര മോദി നല്‍കുന്നതും. രാജ്യത്തിൻ്റെ അഖണ്ഠതയും സുരക്ഷയും കാത്തു സൂക്ഷിക്കുമെന്ന പ്രതിജഞ മോദി നടപ്പാക്കി. അതാണ് ഭീകരരായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ അകത്ത് കിടക്കുന്നതെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.
എന്തുകൊണ്ടാണ് മോദിയുടെ ഗ്യാരണ്ടി വികസിത കേരളം എന്ന മുദ്രാവാക്യം പ്രസക്തമാകുന്നത് എന്ന് ജനങ്ങള്‍ക്ക് അറിയാം എന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് പി രഘുനാഥ്. അഴിമതി ധൂര്‍ത്ത് സ്വജന പക്ഷപാതം ഇതല്ലാതെ എന്താണ് ഇവിടുള്ളത്. മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ചാണ് കേരളം ജീവിക്കുന്നത്. യുവതലമുറ കേരളം വിടുന്നതിന് ആരാണ് കാരണം. ഇതിനെല്ലാം പരിഹാരം കാണാനുള്ള അവസരമാണ് വരുന്ന തെരഞ്ഞെടുപ്പെന്നും പി രഘുനാഥ് പറഞ്ഞു. സി കൃഷ്ണകുമാര്‍ നയിക്കുന്ന ഷൊര്‍ണുര്‍ മണ്ഡലം ഉപയാത്ര സമാപനം കുളപ്പുള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.