വള്ളുവനാടന്‍ ഭാഷയും വള്ളുവനാടന്‍ സംസ്‌ക്കാരവും പേറുന്ന ഒറ്റപ്പാലം. ഓട്ടന്‍തുളളലും കുഞ്ചന്‍ നമ്പ്യാരും പിറവിയെടുത്ത പ്രദേശം. ചരിത്രത്തില്‍ എന്നും മുന്നിലായിരുന്ന സംസ്ഥാനത്തെ പ്രധാന മണ്ഡലം. പഴയ പെരുമയില്‍ മാത്രം ഇന്നും അറിയപ്പെടുന്ന ഒറ്റപ്പാലത്തിന് പറയാന്‍ പരിദേവനങ്ങള്‍ മാത്രം.
ഏറെ കാലമായി ഇടതുപക്ഷ എംഎല്‍എമാര്‍ കൈപ്പിടിയിലാക്കിയ മണ്ഡലത്തിന് ഇനിയും വികസനത്തിനായി കാത്തിരിക്കാന്‍ വയ്യ. മോദിയുടെ ഗ്യാരണ്ടി വികസിത പാലക്കാട് എന്ന മുദ്രാവാക്യവുമായി ബിജെപി ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ നയിക്കുന്ന ഉപയാത്ര എത്തുമ്പോള്‍ ഒറ്റപ്പാലത്തുകാരുടെ കണ്ണുകളില്‍ നിറയുന്നത് പ്രതീക്ഷയുടെ പൊന്‍കിരണങ്ങള്‍.
ഉപയാത്ര കടന്നുപോയ മണ്ഡലങ്ങളില്‍ കണ്ട ആവേശവും പ്രതീക്ഷയും ഒട്ടും കുറവില്ലാതെ ഒറ്റപ്പാലവും പ്രകടിപ്പിച്ചു. ജാഥാ ക്യാപ്റ്റനെ എതിരേല്‍ക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള സ്നേഹം വാരിച്ചൊരിയുകയായിരുന്നു അമ്മമാര്‍ അടക്കമുള്ള ആബാലവൃദ്ധം ജനങ്ങള്‍.
പുതുതായി എന്താണ് ഒറ്റപ്പാലം മണ്ഡലത്തില്‍ വന്നിട്ടുള്ളത് എന്നതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയവ മാത്രം എന്ന് ഉത്തരം. വര്‍ഷങ്ങളായി നിങ്ങള്‍ തിരഞ്ഞെടുത്ത എംഎല്‍എമാരും എംപിമാരും എന്തു നല്‍കി എന്നതിന് ഉത്തരമില്ലാതെ വോട്ടര്‍മാര്‍. നരേന്ദ്ര മോദിക്കൊപ്പം നില്‍ക്കുന്ന എംപി വരുന്ന തിരഞ്ഞെടുപ്പില്‍ ഉണ്ടാകണം എന്നത് അവരുടെ തീരുമാനമാണ്.. വികസനവും സൗകര്യവും കാത്ത് കഴിയുന്ന ഒരു ജനതയുടെ ആവശ്യവും.
ഒറ്റപ്പാലം സെൻ്ററില്‍ നിന്ന് ആരംഭിച്ച ഉപയാത്രയില്‍ നൂറുകണക്കിന് പേരാണ് അണിചേര്‍ന്നത്. വൈകി തുടങ്ങിയിട്ടും ജാഥയിലേക്ക് ജനം ഒഴുകിയെത്തി. ജാഥയെ കാണാനും അനുഗ്രഹിക്കാനും വഴിയോരങ്ങളില്‍ തടിച്ചു കൂടിയത്. ആയിരങ്ങള്‍, കുഞ്ഞുങ്ങളുമായ എത്തിയ അമ്മമാരും നാളെയുടെ പ്രതീക്ഷയായ യുവാക്കളും തൊഴിലാളികളും പ്രായമായവരും എത്തി. അവരുടെ ജീവിതം മുന്നോട്ട് പോകാനുള്ളതാണ് മോദിയുടെ ഗ്യാരണ്ടി വികസിത പാലക്കാട് എന്നവര്‍ തിരിച്ചറിയുന്നു. കുഞ്ഞുങ്ങള്‍ വരെ പൂക്കള്‍ വിതറിയാണ് നാളെയുടെ അവരുടെ പ്രതീക്ഷയായ സി കൃഷ്ണകുമാറിനെ വരവേറ്റത്.
ഒറ്റപ്പാലം സെൻ്ററില്‍ ജാഥാ ക്യാപ്റ്റന് പതാക കൈമാറി ജില്ലാ പ്രസിഡണ്ട് കെ എം ഹരിദാസ് ഉപയാത്ര ഉദ്ഘാടനം ചെയ്തു. പനമണ്ണ വട്ടനാലില്‍ ചേര്‍ന്ന സമാപന പൊതുയോഗം കെ എം ഹരിദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ എസ് അനൂബ് അധ്യക്ഷനായി. ഉപയാത്ര ക്യാപ്റ്റന്‍ സി കൃഷ്ണകുമാര്‍ സ്വീകരണത്തിന് നന്ദി പറഞ്ഞു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി വേണുഗോപാല്‍, ടി ശങ്കരന്‍കുട്ടി, കെ വി ജയന്‍, കെ പ്രമോദ് കുമാര്‍, ഗംഗ ഭരത് തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ നയിക്കുന്ന കേരളയാത്രയുടെ മുന്നോടിയായാണ് പാലക്കാട് മണ്ഡലം ഉപയാത്ര നടത്തുന്നത്.