സപ്ലൈക്കോയില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂട്ടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. നിയമസഭയിലാണ് വിഷയം പ്രതിപക്ഷം വലിയ ചര്‍ച്ചയാക്കിയത്.
നിയമസഭ നടന്നു കൊണ്ടിരിക്കുമ്പോള്‍ വില കൂട്ടിയത് സഭയോടുള്ള അനാദരവാണെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. വില കൂട്ടില്ലെന്ന് വാക്ക് കൊടുത്ത് അധികാരത്തില്‍ ഇരുന്നവരാണ് ഇപ്പോള്‍ എല്ലാറ്റിനും വില കൂട്ടുന്നത്. വില വര്‍ധനവ് പിന്‍വലിക്കണം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
വിലക്കയറ്റ വിഷയത്തില്‍ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയില്‍ എത്തിയത്. പ്രതിപക്ഷ നേതാവിൻ്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ഭരണപക്ഷ എംഎല്‍എമാര്‍ ശ്രമിച്ചതോടെ സഭ ബഹളമയമായി. ഇതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ അടുത്തെത്തി ബഹളം വെച്ചു.
സ്പീക്കറുടെ ഇരിപ്പിടം വലിയ ബാനര്‍ ഉപയോഗിച്ച് മറച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ സ്പീക്കര്‍ പ്രതിപക്ഷത്തെ കേള്‍ക്കാന്‍ തയ്യാറായില്ല. നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി പ്രഖ്യാപിച്ച സ്പീക്കര്‍ സഭ വിട്ടു.





































