സംസ്ഥാനത്ത് പണമുള്ളത് പിണറായിയ്ക്ക് ഊരുചുറ്റാനും വക്കീൽമാർക്ക് ഫീസ് നൽകാനും മാത്രം: ശ്രീപദ്മനാഭൻ

0

സംസ്ഥാന സര്‍ക്കാരിന് ആകെ പണം ഉള്ളത് പിണറായിയ്ക്കും പരിവാരങ്ങള്‍ക്കും ഊര് ചുറ്റാനും മുന്തിയ അഭിഭാഷകര്‍ക്ക് ഫീസ് നല്‍കാനും മാത്രമെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ. വി ശ്രീപദ്മനാഭന്‍. നാടിൻ്റെ പൊതു ആവശ്യങ്ങള്‍ക്കും പാവപ്പെട്ടവരെ സഹായിക്കാനും പണമില്ല. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ നയിക്കുന്ന പാലക്കാട് മണ്ഡലം ഉപയാത്രയുടെ മൂന്നാം ദിന സമാപന യോഗം എലപ്പുള്ളി പാറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തിൻ്റെ മാറ്റത്തിൻ്റെ കാലമായിരുന്നു കഴിഞ്ഞ പത്തു വര്‍ഷത്തെ നരേന്ദ്ര മോദിയുടെ ഭരണം. വാഗ്ദാനങ്ങള്‍ നടപ്പാവും എന്ന് തെളിയിച്ച കാലം. രാജ്യത്തെ പട്ടിണി പാവങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തിയ കാലം. അതുകൊണ്ട് തന്നെയാണ് വരുന്ന തെരഞ്ഞെടുപ്പിലും നരേന്ദ്ര മോദി തന്നെ ഭരിക്കണം എന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തു കളഞ്ഞ എന്‍ഡിഎ സര്‍ക്കാരിന് 370ല്‍ അധികം സീറ്റ് നേടി അധികാരം ഏല്‍പ്പിക്കാനാണ് രാജ്യത്തെ ജനങ്ങളുടെ തീരുമാനം. അതിനൊപ്പം പാലക്കാടും കേരളവും ഉണ്ടാവും എന്നത് ഉറപ്പാണെന്നും ശ്രീപദ്മനാഭന്‍ പറഞ്ഞു.

വാഗ്ദാനങ്ങൾ നടപ്പാക്കുന്നത് മോദി ഗ്യാരണ്ടി

മൈക്ക് കേടുവന്നാല്‍ ഓപ്പറേറ്റര്‍ക്കെതിരെ കേസ് എടുക്കുന്ന പിണറായി വിജയൻ്റെ ഭരണമല്ല, പാവങ്ങള്‍ക്കും പണിയെടുക്കുന്നവര്‍ക്കും ഒപ്പം നില്‍ക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തില്‍ ഉള്ളതെന്ന് ജാഥാ ക്യാപ്റ്റന്‍ സി കൃഷ്ണകുമാര്‍ പറഞ്ഞു. ഇത് എല്ലാത്തിലും ബോധ്യമുള്ളതാണ്. ജനത്തിന് പ്രതീക്ഷ മാത്രമല്ല അനുഭവവും സമ്മാനിച്ചു എന്നതാണ് മോദിയുടെ ഗ്യാരണ്ടി.

കഞ്ചിക്കോടിനെ വ്യവസായ ഉന്നതിയില്‍ എത്തിക്കാന്‍ ഒന്നും ശ്രമിക്കാത്തവരാണ് ബിജെപിയെ കുറ്റം പറയുന്നത്. പാലക്കാടിനായി ബജറ്റില്‍ ചില്ലിക്കാശ് സംസ്ഥാന സര്‍ക്കാര്‍ മാറ്റിവെച്ചില്ല. നെല്‍കര്‍ഷകരെ മറന്നു. തൊഴിലുറപ്പ് തൊഴിലാളികളെ പറഞ്ഞു പറ്റിക്കുന്നു. കേന്ദ്ര പദ്ധതികള്‍ നടപ്പാക്കാതെ ജനത്തെ വലക്കുന്നു. ഇതിനെല്ലാം അറുതി വരുത്തണം. അതിനായി ഈ വരുന്ന തെരഞ്ഞെടുപ്പ് ഉപയോഗപ്പെടുത്തണം. പാലക്കാടും എന്‍ഡിഎ എംപി വേണമെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.