പുതുശ്ശേരിക്ക് പ്രതീക്ഷയേകി സി കൃഷ്ണകുമാർ

0

വ്യവസായ മേഖലയുടേയും കൃഷിയുടേയും ലോകപ്രശസ്തമായ രാമശ്ശേരി ഇഡലിയുടേയും പ്രദേശമാണ് പുതുശ്ശേരി. കഞ്ചിക്കോടെന്ന വ്യവസായ മേഖലയില്‍ പ്രതീക്ഷ വറ്റിയ തൊഴിലാളികളും സംസ്ഥാന സര്‍ക്കാരിൻ്റെ അവഗണനയില്‍ മനം നൊന്ത നെല്‍കര്‍ഷകരും തിങ്ങിനിറഞ്ഞ പുതുശ്ശേരി. ആശയും പ്രതീക്ഷയും വറ്റിയ പുതുശ്ശേരിക്കാര്‍ക്ക് ഇനി ആശ്രയം നരേന്ദ്ര മോദിയും എൻഡിഎ സർക്കാരും തന്നെ എന്ന് തെളിയിച്ച സായം സന്ധ്യ.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിൻ്റെ മൂന്നാം ദിന പര്യടനം വാരി വിതറിയത് ഈ പ്രതീക്ഷയാണ്. ജനങ്ങള്‍ക്ക് ജീവിക്കാനുള്ള ആഗ്രഹമാണ്. പുതുശ്ശേരിയിലെ പുതുക്കുളങ്ങര ഭഗവതി ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച് എലപ്പുള്ളി പാറയില്‍ സമാപിച്ച പാലക്കാട് മണ്ഡലം ഉപയാത്രയുടെ മൂന്നാം ദിനം പങ്കാളിത്തം കൊണ്ട് നാടിനെ അദ്ഭുതപ്പെടുത്തി.

നൂറുക്കണക്കിന് പാവപ്പെട്ട അമ്മമാരും കര്‍ഷക തൊഴിലാളികളും വ്യവസായ മേഖലയിലെ തൊഴില്‍ നഷ്ടപ്പെട്ടവരും അണിചേര്‍ന്നു. പിന്നിട്ട വഴിത്താരയിലെല്ലാം സ്ത്രീകളടക്കം ഉള്ളവര്‍ കാത്തുനിന്നു. യാത്രയില്‍ പങ്കാളികളാകാന്‍.

പുതുശ്ശേരിയില്‍ ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡണ്ട് ചെല്ലപ്പന്‍ ജാഥാ ക്യാപ്റ്റന്‍ സി കൃഷ്ണകുമാറിന് പതാക കൈമാറി. സമാപന പൊതുയോഗം എലപ്പുള്ളി പാറയില്‍ ബിജെപി സംസ്ഥാന വക്താവ് അഡ്വ. വി ശ്രീപദ്മനാഭന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പ്രമോദ് അധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് കെ എം ഹരിദാസ്, വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സന്തോഷ് നന്ദി പറഞ്ഞു.

നാടിൻ്റെ അഭിമാനങ്ങളായ കായിക താരങ്ങളെ ചടങ്ങില്‍ ആദരിച്ചു. സി കൃഷ്ണകുമാര്‍ താരങ്ങള്‍ക്ക് പുരസ്‌ക്കാരം കൈമാറി.