ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര നാളെ തിരുവനന്തപുരം ജില്ലയിൽ പര്യടനം നടത്തും. ആറ്റിങ്ങലിൽ മുൻ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ ഉത്ഘാടനം ചെയ്യുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ശനിയാഴ്ച രാവിലെ 7.30 മുതൽ പദയാത്ര കഴിയുന്നത് വരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ആറ്റിങ്ങൽ പാർലമെൻ്റിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ക്ഷേത്രങ്ങളും മOങ്ങളും സാമുദായിക നേതാക്കളെയും സന്ദർശിക്കും.
രാവിലെ 8 ന് വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് ശേഷം 8.30 ന് ശിവഗിരി മഹാസമാധിയിൽ എത്തിച്ചേരും. തുടർന്ന് സന്യാസിവര്യൻമാർക്കൊപ്പം കൂടി കാഴ്ചയും ശിവഗിരിയിൽ നിന്ന് പ്രഭാത ഭക്ഷണവും കഴിക്കും. 10.15ന് എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റിൻ്റെ വീട് സന്ദർശിക്കും.
ഉച്ചതിരിഞ്ഞ് 4 മണിക്ക് മാമത്ത് നിന്നും പദയാത്ര ആരംഭിച്ച് ആലംകോട് സമാപിക്കും. കാൽ ലക്ഷം പ്രവർത്തകർ പങ്കെടുക്കും. മാമത്ത് വമ്പിച്ച പൊതു സമ്മേളനത്തോട് കൂടിയാണ് പദയാത്ര ആരംഭിക്കുന്നത്. പൊതു സമ്മേളനം പ്രകാശ് ജാവദേക്കർ MP ഉത്ഘാടനം ചെയ്യും, കേന്ദ്രമന്ത്രി വി മുരളീധരൻ , കുമ്മനം രാജശേഖരൻ , എം ടി രമേശ്, എൻഡിഎ നേതാക്കളായ തുഷാർ വെള്ളാപ്പള്ളി, വിഷ്ണുപുരം ചന്ദ്രശേഖരൻ , ജെ ആർ പത്മകുമാർ,വി വി രാജേഷ് തുടങ്ങിയവർ സംസാരിക്കും. അഡ്വ. എസ് സുരേഷ് അദ്ധ്യക്ഷനാകും.
വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും പുതിയതായി വന്ന ആയിരം പേർക്ക് സ്വീകരണം നൽകും. പദയാത്രക്കൊപ്പം ആറ്റിങ്ങൽ പാർലമെൻ്റിൽ നടപ്പാക്കിയ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പതിനഞ്ചിൽ പരം നിശ്ചല ദ്യശ്യങ്ങൾ ഉണ്ടാകും. ആലംകോട് സമാപന സമ്മേളനത്തോടെ യാത്ര അവസാനിക്കും.
വാർത്ത സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ്, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡൻറ് അജി എസ് ആർ എം, ശിവസേന ജില്ലാ ട്രഷറർ രാജേഷ് കായ്പ്പാടി, നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനുമോൻ ജി വക്കം അജിത്, അഡ്വ. സുബിത്ത് എസ് ദാസ് എന്നിവർ പങ്കെടുത്തു.