കേരളത്തിലെ ബിജെപി ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഫെബ്രു 10ന്

0

സംസ്ഥാനത്തെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ആക്കം കൂട്ടി സ്ഥാനാര്‍ത്ഥി പട്ടിക ആദ്യം പ്രസിദ്ധീകരിക്കാന്‍ ബിജെപി. ആദ്യ ഘട്ടത്തില്‍ നാല് മണ്ഡലങ്ങളിലെ പേരുകളാകും ഉണ്ടാവുക.

എ ക്ലാസ് മണ്ഡലങ്ങളായി പൊതുവെ കരുതുന്ന നാല് മണ്ഡലങ്ങളാണ് തൃശൂര്‍, പാലക്കാട്, ആറ്റിങ്ങല്‍, തിരുവനന്തപുരം എന്നിവ. അതുകൊണ്ട് തന്നെ ആദ്യം പ്രസിദ്ധീകരിക്കുന്നതും ഇവിടെ മത്സരിക്കുന്നവരുടെ പേരുകളാണ്.

തൃശൂരിൽ എല്ലാവരും പ്രതീക്ഷിക്കും പോലെ സുരേഷ് ഗോപി തന്നെയാകും സ്ഥാനാര്‍ത്ഥി. പാലക്കാട് ഏറെ പ്രതീക്ഷയുള്ള സി കൃഷ്ണകുമാര്‍ മത്സരിക്കും. ആറ്റിങ്ങലില്‍ കേന്ദ്ര സഹമമന്ത്രി വി മുരളീധരനാകും. എന്നാല്‍ തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി ആരെന്നതില്‍ ചെറിയ ആശയ കുഴപ്പം ഇപ്പോഴും ഉണ്ട്. നിലവില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്നതാണ് ധാരണ.

ഫെബ്രുവരി ഒന്നിന് ഈ പട്ടിക പുറത്തിറക്കാന്‍ ആലോചിച്ചിരുന്നെങ്കിലും തിരുവനന്തപുരം മണ്ഡലത്തിലെ വ്യക്തത വന്ന ശേഷം മതി എന്നതിനാല്‍ 10ലേക്ക് മാറ്റുകയായിരുന്നു. ഈ നാല് മണ്ഡലങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് തുടങ്ങിയവരുടെ പര്യടനം ഉറപ്പാക്കിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും ശ്രദ്ധേയ മണ്ഡലങ്ങളും ഇതോടെ ഈ നാലാകും.