HomeKeralaസംസ്ഥാന നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി

സംസ്ഥാന നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി

കേരള നിയമസഭയുടെ നടപ്പ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതനസരിച്ച് ഫെബ്രുവരി 15 ന് സഭാ സമ്മേളനം സമാപിക്കും. മാര്‍ച്ച് 20 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന സമ്മേളനമാണിത്.

ലോകസഭ തിരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിക്കാന്‍ സാധ്യത ഉണ്ടെന്ന വിവരമാണ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ ഒരു കാരണമായത്. സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം നിയമസഭയില്‍ അഴിമതിയും ധൂര്‍ത്തും ഉന്നയിച്ച് പ്രതിഷേധം ശക്തമാക്കാന്‍ സാധ്യതയുണ്ട്. സഭക്ക് പുറത്ത് യുവജന സംഘടനകളും ശക്തമായി പ്രതിഷേധിക്കും. ഇതോടെ ലോകസഭ തെരഞ്ഞെടുപ്പിന് ജനങ്ങളെ നേരിടാനും കാര്യങ്ങള്‍ വിശദീകരിക്കാനും സമയം ലഭിക്കാതെ വന്നേക്കും എന്ന വിലയിരുത്തലും ഉണ്ട്.

നവകേരള സദസ്സ് ഗുണം ചെയ്തു എന്ന് വിശ്വസിക്കുമ്പോഴും കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്ന് എല്‍ഡിഎഫിന് അറിയാം. അതിനാല്‍ തന്നെ പ്രതിപക്ഷത്തിന് നിയമസഭയില്‍ കൂടുതല്‍ പ്രതിഷേധത്തിനുള്ള അവസരം ലഭ്യമാക്കണ്ട എന്നാണ് മുഖ്യമന്ത്രി അടക്കമുള്ളവരുടെ നിലപാട്.

അതിനിടെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള പോര് തുടരുകയാണ്. കാര്യോപദേശ സമിതിയില്‍ ഇരുകൂട്ടരും തര്‍ക്കമായി. സര്‍ക്കാര്‍ തങ്ങളുമായി സഹകരിക്കുന്നില്ലെന്ന വി ഡി സതീശൻ്റെ അഭിപ്രായത്തിന് നിങ്ങള്‍ നല്ല സഹകരണം ആണല്ലോ എന്നായിരുന്നു പിണറായി വിജയൻ്റെ മറുപടി. ഇത്തരം സംസാരം വേണ്ടെന്ന് പറഞ്ഞ് പ്രതിപക്ഷം കാര്യോപദേശ സമിതിയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

Most Popular

Recent Comments