ലോക്‌സഭ തെരഞ്ഞെടുപ്പിന് ഔദ്യോഗികമായി ഒരുങ്ങി ബിജെപി. സപ്‌നേ നഹി, ഹഖീഖത് ബുണ്ടേ ഹേ എന്ന ഗാനം ഇറക്കിയാണ് ദേശീയ നേതൃത്വം പ്രചാരണത്തിന് തുടക്കം കുറിച്ചത്. സ്വപ്നമല്ല, യാഥാർഥ്യമാണ് നെയ്യേണ്ടത് എന്ന ആശയമാണ് ഗാനത്തിലൂടെ ബിജെപി നൽകുന്നത്.
ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയാണ് വെര്‍ച്വല്‍ പ്രചാരണത്തിന് തുടക്കമിട്ടത്. വെര്‍ച്വലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉദ്ഘാടനത്തില്‍ പങ്കെടുത്തു. അയോധ്യ പ്രാണപ്രതിഷ്ഠയും ജി 20 യും ചാന്ദ്രയാന്‍ ദൗത്യവും അടക്കം രാജ്യത്തിൻ്റെ നേട്ടങ്ങള്‍ വീഡിയോയില്‍ ഉണ്ട്.
ഇന്ത്യ പരിതാപകരമായ അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് രാജ്യം മോദിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതെന്ന് വീഡിയോയില്‍ പറയുന്നു. വികസിത രാജ്യമാവണമെന്ന ഇന്ത്യയുടെ സ്വപ്‌നം ഇന്ന് യാഥാര്‍ത്ഥ്യത്തോട് അടുക്കുകയാണ്. നരേന്ദ്ര മോദി രാജ്യത്തെ ആ ലക്ഷ്യത്തില്‍ എത്തിച്ചു. പാര്‍ടി പ്രവര്‍ത്തകര്‍ ഈ സന്ദേശം ജനങ്ങളില്‍ എത്തിക്കണമെന്ന് ജെ പി നദ്ദ പറഞ്ഞു. രാജ്യത്തിൻ്റെ എല്ലാ കോണിലും ക്യാമ്പയിനെ കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കണം എന്നും നദ്ദ പറഞ്ഞു.
രാജ്യത്തിനായി വേണം വോട്ട് ചെയ്യേണ്ടതെന്ന് യുവാക്കളോട് പ്രധാനമന്ത്രി പറഞ്ഞു. കുടുംബാധിപത്യ പാര്‍ടിയെ പരാജയപ്പെടുത്താന്‍ ബിജെപിക്ക് വോട്ട് ചെയ്യണം. പ്രകടന പത്രിക തയ്യാറാക്കാന്‍ യുവാക്കള്‍ നിര്‍ദേശം നല്‍കണമെന്നും നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു.