ഇന്ത്യ മുന്നണിയിലെ പിണക്കങ്ങളും തര്‍ക്കങ്ങളും പൊട്ടിത്തെറിയായി തുടരുന്നു. പഞ്ചാബില്‍ ഒറ്റക്ക് മത്സരിക്കാനുള്ള ആം ആദ്മി പാര്‍ടിയുടെ തീരുമാനത്തിൻ്റെ ചൂടാറും മുമ്പേയാണ് പശ്ചിമ ബംഗാളില്‍ ഒറ്റക്ക് മത്സരിക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ പ്രഖ്യാപനം. ഇപ്പോഴിതാ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും രംഗത്തെത്തി.
സോഷ്യലിസ്റ്റ് നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ കര്‍പ്പൂരി ഠാക്കുറിന് ഭാരത രത്‌ന നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാര്‍ തയ്യാറായില്ല എന്നാണ് നിതീഷിൻ്റെ ആരോപണം. താന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും കോണ്‍ഗ്രസ് നേതൃത്വം ചെവിക്കൊണ്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്ത ഉചിതമായ തീരുമാനത്തെ അഭിനന്ദിക്കുന്നു. തീരുമാനം എടുക്കാനും നടപ്പാക്കാനും മോദിക്ക് കഴിവുണ്ട്. ഇതിൻ്റെ തെളിവാണ് കര്‍പ്പൂരി ഠാക്കുറിന് ഭാരതരത്‌ന നല്‍കിയത്. ജനതാ ദള്‍(യു) ബിഹാറില്‍ നടത്തിയ റാലിയിലായിരുന്നു നിതീഷിൻ്റെ പ്രസംഗം.