പാര്‍സല്‍ ഭക്ഷണത്തിൻ്റെ കവറിനു പുറത്ത് ലേബല്‍ പതിക്കണമെന്ന നിയമം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തി. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിൻ്റെ നേതൃത്വത്തില്‍ വ്യാപാര സ്ഥാപനങ്ങളിലായിരുന്നു പരിശോധന.
തൃശൂർ ജില്ലയില്‍ നാല് സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 44 സ്ഥാപനങ്ങളിലാണ് ഓപ്പറേഷന്‍ ലേബല്‍ പൂര്‍ത്തിയാക്കിയത്. നിയമലംഘനം കണ്ടെത്തിയ നാല് സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിന് നോട്ടീസ് നല്‍കി. നാലു സ്ഥാപനങ്ങള്‍ക്ക് നേരെ അഡ്ജ്യൂഡിക്കേഷന്‍ നടപടി സ്വീകരിക്കും. തുടര്‍നടപടികള്‍ ആര്‍ ഡി ഒ കോടതികള്‍ മുഖേന കേസുകള്‍ ഫയല്‍ ചെയ്യും. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനത്തിന് ലൈസന്‍സ് കരസ്ഥമാക്കുന്നത് വരെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ് നല്‍കി.
പാര്‍സല്‍ ഭക്ഷണത്തിൻ്റെ കവറിന് പുറത്ത് ഉപയോഗിക്കേണ്ട സമയപരിധി ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കുന്ന ലേബലുകള്‍ നിര്‍ബന്ധമായും പതിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ നിര്‍ദ്ദേശമുണ്ട്. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം പാകം ചെയ്ത ഭക്ഷണം രണ്ടു മണിക്കൂറിനുള്ളില്‍ കഴിക്കണം എന്നാണ്. എന്നാല്‍ നിര്‍ദ്ദേശം കടയുമകള്‍ കൃത്യമായി പാലിക്കുന്നില്ലെന്ന് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടികള്‍ കര്‍ശനമാക്കിയത്.
പാര്‍സല്‍ ഭക്ഷണം കൈകാര്യം ചെയ്യുന്ന രീതിയെ സംബന്ധിച്ച് ഉപഭോക്താക്കളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ജാഫര്‍ മാലിക് നിര്‍ദ്ദേശിച്ചു. ലേബല്‍ പതിക്കാത്ത ഭക്ഷണം ഉപയോഗിക്കാതിരിക്കാന്‍ ഉപഭോക്താക്കളും ശ്രദ്ധിക്കണം. സമയപരിധി കഴിഞ്ഞ് കഴിക്കുന്ന പാര്‍സല്‍ ഭക്ഷണം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ലേബല്‍ പതിക്കാതെയുള്ള പാര്‍സല്‍ വില്പന നിരോധിച്ചിട്ടുള്ളതാണ്. ജില്ലയില്‍ പരിശോധനകള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ നേതൃത്വം നല്‍കി.