HomeKeralaകുട്ടികളുടെ നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് അപ്‌ഡേഷന്‍ ഉറപ്പാക്കണം

കുട്ടികളുടെ നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് അപ്‌ഡേഷന്‍ ഉറപ്പാക്കണം

കുട്ടികളുടെ നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് അപ്‌ഡേഷന്‍ അഞ്ച് വയസിലും 15 വയസിലും നടത്തേണ്ടതാണെന്നും ഇത് രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്നും ജില്ലാതല ആധാര്‍ മോണിറ്ററിങ് സമിതി യോഗം നിർദേശിച്ചു. ആധാര്‍ എന്റോള്‍മെൻ്റ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും എ.ഡി.എം ടി മുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം.

അഞ്ചു വയസുകാര്‍ക്ക് ഏഴ് വയസു വരെയും 15 വയസുള്ളവര്‍ക്ക് 17 വയസ് വരെയും പുതുക്കല്‍ സൗജന്യമാണ്. ഇതു കഴിഞ്ഞുള്ള എന്റോള്‍മെൻ്റിന് ഫീസ് നല്‍കണം. വിദ്യാര്‍ഥികളുടെ ആധാര്‍ അപ്‌ഡേഷന്‍ കാര്യക്ഷമമാക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ക്യാമ്പുകള്‍ നടത്തും. ഇതിനായി അധ്യാപകരെ നോഡല്‍ ഓഫീസറായി നിയോഗിക്കും.

പത്ത് വര്‍ഷം മുമ്പ് അനുവദിച്ച ആധാര്‍ കാര്‍ഡുകള്‍ ഓണ്‍ലൈനായി പുതുക്കണം. ഇതുവരെ അപ്‌ഡേറ്റ് ചെയ്യാത്തവ തിരിച്ചറിയല്‍, മേല്‍വിലാസ രേഖകള്‍ എന്നിവ http://myaadhaar.uidai.gov.in എന്ന വെബ് സൈറ്റില്‍ സൗജന്യമായി അപ്‌ലോഡ് ചെയ്യാം. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കേ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാനാകൂ. അക്ഷയ കേന്ദ്രങ്ങള്‍ വഴി ഈ സേവനം ചെയ്യുന്നതിന് 50 രൂപ ഫീസ് നല്‍കണം.

ട്രൈബല്‍ മേഖലയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ആധാര്‍ എടുക്കുന്നതിന് ക്യാമ്പ് സംഘടിപ്പിക്കും. കളക്ടേറേറ്റില്‍ യു.ഐ.ഡി.എ.ഐ.യുടെ പരാതി പരിഹാര കേന്ദ്രം ആരംഭിക്കാനുള്ള ആവശ്യങ്ങള്‍ അറിയിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുയിടങ്ങള്‍, അക്ഷയ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ആധാര്‍ എന്‍ റോള്‍മെൻ്റ് സംബന്ധിച്ച് അവബോധം നല്‍കുന്നതിന് പോസ്റ്ററുകള്‍, നോട്ടീസുകള്‍, സ്റ്റിക്കറുകള്‍ എന്നിവ പതിക്കും.

അംഗീകാരമില്ലാത്ത സ്ഥാപനങ്ങള്‍ അനധികൃതമായി ആധാര്‍ എടുക്കുന്നതിന് റിപ്പോര്‍ട്ട് ചെയ്താല്‍ പൊലീസിന് സ്വമേധയാ കേസ് എടുക്കാവുന്നതാണെന്നും യോഗത്തില്‍ വ്യക്തമാക്കി.

Most Popular

Recent Comments