സമൂഹത്തെ സ്വയം പര്യാപ്തമാക്കുന്നതിനായി ആവശ്യമറിഞ്ഞ് പദ്ധതികള്‍ തയ്യാറാക്കണമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗ മന്ത്രി കെ രാധാകൃഷ്ണന്‍. എസ് സി പ്രമോട്ടര്‍മാര്‍ക്കുള്ള ത്രിദിന പരിശീലന ക്യാമ്പ് സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
അധികാര സാമ്പത്തിക വികേന്ദ്രീകരണത്തിലൂടെ ജനകീയ ആസൂത്രണം നടപ്പാക്കി. ജനങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി പദ്ധതികള്‍ രൂപീകരിക്കുകയും ചെയ്തു. ഇത്തരത്തില്‍ പട്ടികജാതി വിഭാഗത്തെ വികസനത്തിൻ്റെ ഭാഗമാക്കി. ആവശ്യമായ സേവനങ്ങള്‍ നല്‍കി ഉയര്‍ച്ചയിലേക്ക് നയിക്കുന്നവരാണ് പട്ടികജാതി പ്രമോട്ടര്‍മാരെന്ന് മന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സമൂഹത്തിൻ്റെ നില മെച്ചപ്പെടുത്തുന്നതിനും ജീവിത സാഹചര്യങ്ങളില്‍ ഗുണകരമായ മാറ്റം ഉണ്ടാക്കുന്നതിനും എസ് സി പ്രമോട്ടര്‍മാര്‍ക്ക് സാധിക്കണം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 425 എസ് സി വിദ്യാര്‍ത്ഥികള്‍ വിദേശ പഠനത്തിനായി പോയി. ഈ വര്‍ഷം 110 വിദ്യാര്‍ത്ഥികളെ വിദേശ പഠനം നല്‍കുന്നതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍പോട്ട് പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജനുവരി 23, 24, 25 ദിവസങ്ങളിലായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പട്ടികജാതി പ്രമോട്ടര്‍മാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അതുവഴി സമൂഹത്തില്‍ ഉണ്ടാക്കാനാകുന്ന മാറ്റങ്ങള്‍, വിവിധ പദ്ധതികള്‍, ചുമതലകള്‍, പ്രവര്‍ത്തന രീതികള്‍, സേവനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കും.
മുളങ്കുന്നത്തുകാവ് കിലയില്‍ നടന്ന ചടങ്ങില്‍ കേരള നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല അധ്യക്ഷയായി.