ദക്ഷിണ കൊറിയന്‍ സംഗീത വീഡിയോ കണ്ട കുറ്റത്തിന് രണ്ട് കൗമാരക്കാരെ അതി കഠിന തൊഴില്‍ ശിക്ഷ നല്‍കി ഉത്തര കൊറിയ. 16 വയസ്സുകാരായ രണ്ട് പേര്‍ക്കാണ് കമ്മ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ് ഉന്‍ ഭരിക്കുന്ന നാട്ടില്‍ കഠിന ശിക്ഷ നല്‍കുന്നത്.
ദക്ഷിണ കൊറിയ ഏറെ പുരോഗമിച്ചതും സാമ്പത്തികമായി മുന്നേറിയതും ആയ രാജ്യമാണ്. അതുകൊണ്ട് തന്നെ ദക്ഷിണ കൊറിയയിലേക്ക് കടക്കാനുള്ള ആഗ്രഹം ഉത്തര കൊറിയയില്‍ സജീവമാണ്. ഇത് തടയാനായി കേട്ടു കേള്‍വി ഇല്ലാത്ത നടപടികളാണ് ഏകാധിപതി കിം ജോങ് നടപ്പാക്കിയിട്ടുള്ളത്.
ദക്ഷിണ കൊറിയ എന്ന വാക്കു പോലും ഇവിടെ നിഷിദ്ധം. അവിടെ നിന്നുള്ള വാര്‍ത്തകളോ സംഗീതമോ സിനിമയോ അറിയാതെ പോലും കേള്‍ക്കാനോ കാണാനോ മൂളാനോ പാടില്ല. രാജ്യത്തിൻ്റെ സുരക്ഷക്ക് ഭീഷണിയാണ് ഇതെല്ലാം എന്നാണ് വാദം.
ഇത് ധിക്കരിച്ചു എന്നതിൻ്റെ പേരിലാണ് സംഗീത വീഡിയോ കണ്ടു എന്ന സംശയത്തില്‍ രണ്ട് കൗമാരക്കാര്‍ക്ക് ശിക്ഷ വിധിച്ചത്. അഞ്ച് വര്‍ഷക്കാലം കഠിന ജോലികള്‍ ചെയ്യലാണ് ശിക്ഷ. ഇത്തരം ശിക്ഷ ലഭിക്കുന്നവര്‍ നരക യാതന അനുഭവിച്ച് മരിക്കുകയാണ് പതിവ്. അതിനാല്‍ ഈ കുട്ടികളും അതി കഠിനമായി കൊല്ലപ്പെടും എന്ന് വാര്‍ത്ത് പുറത്ത് കൊണ്ടുവന്ന ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉത്തര കൊറിയയിലെ അവസ്ഥയെ കുറിച്ച് കിം കി ഡൂക്കിൻ്റെ സിനിമയായ ദി നെറ്റില്‍ വിശദമാക്കുന്നുണ്ട്. അറിയാതെ ദക്ഷിണ കൊറിയയില്‍ അകപ്പെടുന്ന ഒരു യുവാവ് കാഴ്ചകള്‍ കാണാതിരിക്കാന്‍ കണ്ണടച്ചിരിക്കുന്ന ദൃശ്യം ഏറെ സങ്കടകരമാണ്. മടങ്ങിയെത്തിയപ്പോള്‍ അയാൾ നേരിടുന്ന കൊടിയ പീഡനവും സിനിമയില്‍ കാണിക്കുന്നുണ്ട്.
ഭരണം കൊണ്ടും ശിക്ഷകള്‍ കൊണ്ടും ഏറെ കുപ്രസിദ്ധിയുള്ള നാടാണ് ഉത്തര കൊറിയ. ജനാധിപത്യം തൊട്ടു തീണ്ടിയിട്ടില്ലാത്ത നാട്ടില്‍ പൗരന്മാര്‍ക്ക് ഒരു വിധ സ്വാതന്ത്യവും അനുവദിച്ചിട്ടില്ല. ഏകാധിപതിയായ പ്രസിഡണ്ടും കമ്യൂണിസ്റ്റ് പാര്‍ടി തലവനുമായി കിം ജോങ് ഉന്നിന് തോന്നും പോലെയാണ് ഭരണം. എതിര്‍പ്പിൻ്റെ ഒരു സ്വരം പോലും കമ്മ്യൂണിസ്റ്റ് പാര്‍ടി മാത്രമുള്ള നാട്ടില്‍ അനുവദിക്കില്ല. ജനങ്ങളെ സംശയത്തിൻ്റെ പേരില്‍ പോലും മൃഗീയമായി കൊല്ലുന്നത് ഇവിടെ പതിവാണ്.