പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്-കോണ്‍ഗ്രസ് സഖ്യം തകര്‍ച്ചയിലേക്ക് എന്ന് സൂചന. ലോക്‌സഭ സീറ്റ് വിഭജന ചര്‍ച്ച എങ്ങുമെത്താതെ പോകുന്നതിനിടയില്‍ ഇരു കൂട്ടരും സ്വന്തം നിലക്ക് മുന്നോട്ട് പോകാന്‍ തയ്യാറെടുക്കുന്നു.
നിലവിലുള്ള രണ്ട് സീറ്റില്‍ കൂടുതല്‍ നല്‍കാന്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല. കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ഉള്‍പ്പെടെയുള്ളവരുമായുള്ള തര്‍ക്കം തന്നെയാണ് പ്രധാന കാരണം. കൂടാതെ ലോക്‌സഭയില്‍ കൂടുതല്‍ സീറ്റ് സ്വന്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ് സമ്മര്‍ദ്ദ ശക്തിയാകണമെന്നും മമത ആഗ്രഹിക്കുന്നുണ്ട്.
സാഹചര്യം ഒത്തു വന്നാല്‍ പ്രധാനമന്ത്രി പദവും സ്വപ്‌നത്തിലുണ്ട്. അതിനാല്‍ ബംഗാളിലെ മുഴുവന്‍ സീറ്റിലും മത്സരിച്ച് കൂടുതല്‍ സീറ്റുകള്‍ നേടണം എന്നതില്‍ വിട്ടു വീഴ്ച വേണ്ട എന്നാണ് പാര്‍ടി നിലപാട്.
കോണ്‍ഗ്രസിനെ പിളര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ടി ഉണ്ടാക്കിയ മമതയോട് എതിര്‍പ്പുള്ളവരാണ് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം. മമതയുടെ ഏകാധിപത്യം ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടാണ് അധീര്‍ രഞ്ജന്‍ ചൗധരിയെ പോലുള്ള നേതാക്കള്‍ക്ക്. പലപ്പോഴും ഇത് പരസ്യ പ്രതികരണത്തിലേക്കും എത്താറുണ്ട്.
അഞ്ച് സീറ്റെങ്കിലും തൃണമൂല്‍ നല്‍കിയില്ലെങ്കില്‍ മുഴുവന്‍ സീറ്റിലും ഒറ്റക്ക് മത്സരിച്ച് ശക്തി തെളിയിക്കണം എന്ന ആവശ്യക്കാരാണ് ഇവര്‍. നിലവിലെ സാഹചര്യത്തില്‍ അത് ആത്സഹത്യാ പരമാണെന്ന് ദേശീയ നേതൃത്വം വിലയിരുത്തുന്നു. സംസ്ഥാനത്ത് ബിജെപി ശക്തിപ്പെടാനേ ഇത് ഉപകരിക്കൂ എന്നും കോണ്‍ഗ്രസ് ഭയപ്പെടുന്നു.
ഇതിനിടെയാണ് വേണ്ടിവന്നാല്‍ എല്ലാ സീറ്റിലും ടിഎംസി ഒറ്റക്ക് മത്സരിക്കുമെന്ന മമത ബാനര്‍ജിയുടെ മുന്നറിയിപ്പ്. പാര്‍ടി നേതാക്കളുമായുള്ള ചർച്ചയിലാണ് ഈ പ്രഖ്യാപനം.