കേരളം പൊലീസ് രാജിലേക്ക്, രാഹുലിന് എതിരെ പുതിയ കേസ്

0

സംസ്ഥാനത്തെ പൊലീസ് സംവിധാനം പക പോക്കല്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതായി ആരോപണം. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ തുടരെ കേസുകള്‍ എടുത്ത് എതിര്‍ ശബ്ദങ്ങള്‍ ഇല്ലായ്മ ചെയ്യുക എന്ന ഫാസിസ്റ്റ് രീതി കടം വാങ്ങുകയാണോ കേരള പൊലീസ്.

ഒരു കാലത്ത് രാജ്യത്തെ തന്നെ ഏറ്റവും മികവുറ്റ പൊലീസ് സംവിധാനം എന്ന് അറിയപ്പെട്ടിരുന്ന സംസ്ഥാന പൊലീസിൻ്റെ സമീപകാല പ്രവർത്തനം ശുഭകരമല്ല. അക്രമങ്ങളും ഗുണ്ടായിസവും നിയമ ലംഘനങ്ങളും, നിരപരാധികളെ കേസില്‍ ഉള്‍പ്പെടുത്തലും തുടങ്ങിയവ നിറയുകയാണ് മാധ്യമങ്ങളില്‍. ഹൈക്കോടതി അടക്കമുള്ള കോടതികളില്‍ നിന്നും വിമര്‍ശനവും നടപടിയും സ്ഥിരമായിട്ടുണ്ട്.

കോടതി ഉത്തരവുമായി ചെന്ന അഭിഭാഷകനോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ ഇന്നലെയാണ് ഹൈക്കോടതി നടപടി ആവശ്യപ്പെട്ടത്. നിരപരാധികളെ കേസില്‍ കുടുക്കിയ ഭരണകക്ഷിയുടെ പ്രധാന സേവകനായ തിരുവനന്തപുരത്തെ ഒരു ഡിവൈഎസ്പിക്കെതിരെ അടുത്തിടെ നടപടി എടുക്കേണ്ടി വന്നു.

നിരപരാധികളെ കേസില്‍ കുടക്കി പീഡിപ്പിക്കുക, അമിത അധികാര പ്രവണത, കാക്കിയിട്ടാല്‍ എന്തും ആവാം, ആരേയും അക്രമിക്കാം, അസഭ്യം പറയാം, എന്തു ഗുണ്ടായിസവും കാണിക്കാം തുടങ്ങിയ ആഭാസത്തില്‍ രമിക്കുകയാണ് ഒരു കൂട്ടം പൊലീസുകാര്‍. ഇത്തരം ഫാസിസ്റ്റ് പ്രവണത അധിക കാലം വാഴാറില്ലെന്ന ചരിത്രം ഇവര്‍ക്കും ഭരിക്കുന്നവര്‍ക്കും ഇല്ലാതാകുന്നു എന്നതാണ് വര്‍ത്തമാന കേരളം നേരിടുന്ന വെല്ലുവിളി. അവസാന കാലത്തെ ആളിക്കത്തലായി മാത്രമേ ഇതിനെ കാണുന്നുള്ളൂ എന്നാണ് സാമൂഹ്യ ശാസ്ത്ര വിദഗ്ദര്‍ പറയുന്നത്.

സംസ്ഥാന സര്‍ക്കാരിൻ്റെ കണ്ണിലെ പ്രധാന കരടായി മാറിയിരിക്കുന്ന യുവ നേതാവാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. അദ്ദേഹത്തെ ജയിലില്‍ അടയ്ക്കാന്‍ ഭരണവും പൊലീസും നടത്തിയ പേക്കൂത്തുകള്‍ ജനം കണ്ടതാണ്. ജാമ്യം കിട്ടി ഇറങ്ങാതിരിക്കാന്‍ പുതിയ കേസുകള്‍ കൂട്ടിച്ചേര്‍ത്ത പൊലീസ് ഇപ്പോള്‍ കേട്ടുകേള്‍വി ഇല്ലാത്ത വിധം പുതിയ കേസ് എടുത്തിരിക്കുന്നത്.

ജാമ്യം ലഭിച്ച് ഇറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിന് ജയിലിന് പുറത്ത് നല്‍കിയ സ്വീകരണത്തിന് എതിരെയാണ് പുതിയ കേസ്. പൊതുജന സമാധാനം തകര്‍ത്തു, ഗതാഗതം തടസ്സപ്പെടുത്തി, ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രകോപനം ഉണ്ടാക്കി, ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു, പൊലീസ് ആജ്ഞ ലംഘിച്ചു തുടങ്ങിയവയാണ് കുറ്റങ്ങള്‍. 12 യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതികളാണ്. രാഹുല്‍ രണ്ടാം പ്രതി. കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെയും കേസുണ്ട്.

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസ്, ഷാഫി പറമ്പില്‍ എംഎല്‍എ, പി സി വിഷ്ണുനാഥ് തുടങ്ങിയവരും രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്വീകരിക്കാന്‍ ജയിലിന് പുറത്ത് എത്തിയിരുന്നു.