തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ നെട്ടിശ്ശേരി – കുറ്റുമുക്ക് റോഡിൻ്റെ നിര്‍മാണോദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. കോര്‍പ്പറേഷൻ്റെ വികസന പ്രവര്‍ത്തനങ്ങളിലെ 147-ാമത്തെ പദ്ധതിയാണ് നെട്ടിശ്ശേരി – കുറ്റുമുക്ക് റോഡിൻ്റെ ബി എം-ബി സി നിലവാരത്തിലുള്ള പുനരുദ്ധാരണം. രണ്ടുകോടി രൂപ ചെലവില്‍ അഞ്ചു വര്‍ഷത്തെ ഗ്യാരണ്ടിയോടു കൂടിയുള്ള റോഡ് നിര്‍മ്മാണത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.
മാനുഷിക മുഖമുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും മുമ്പ് കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ റോഡുകളും പൊതുമരാമത്ത് റോഡുകളും ബി എം-ബി സി ആകുന്ന ആദ്യ നഗരമായി തൃശൂര്‍ മാറാനാണ് ലക്ഷ്യമിടുന്നത്. ജനതയുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കികൊണ്ടു വികസനോന്മുഖമായി മുന്‍പോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
2000ത്തില്‍ കോര്‍പ്പറേഷനിലേക്ക് വില്‍വട്ടം, ഒല്ലൂക്കര പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയും നെട്ടിശ്ശേരി പാടത്തുകൂടി പുതിയ റോഡ് രൂപപ്പെടുകയും ചെയ്തതിനുശേഷം വലിയ യാത്രാ പ്രാധാന്യമാണ് നെട്ടിശ്ശേരി കുറ്റുമുക്ക് റോഡിനുള്ളത്. വില്ലടം, രാമവര്‍മ്മപുരം ഉള്‍പ്പെടെയുള്ള മേഖലകളിലൂടെ വടക്കാഞ്ചേരി – മണ്ണുത്തി മേഖലകളെ ബന്ധിപ്പിക്കുന്ന റോഡാണ് നെട്ടിശ്ശേരി കുറ്റിമുക്ക്. കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ് അധ്യക്ഷനായി. പി ബാലചന്ദ്രന്‍ എംഎല്‍എ വിശിഷ്ട അതിഥിയായി.