കൊടും ഭീകരവാദികളെ അറസ്റ്റ് ചെയ്യും പോലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടിനെ പിടികൂടിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. രാവിലെ 11 ന് സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്താന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചു. പുലര്‍ച്ചെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്ത് റിമാൻ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
പൊലീസ് നടപടിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് യൂത്ത് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ഇന്ന് വൈകീട്ട് 6ന് സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. നിയോജക മണ്ഡലം ആസ്ഥാനങ്ങളിലും പ്രതിഷേധ മാര്‍ച്ചുകള്‍ ഉണ്ടാകും. സമരജ്വാല എന്ന പേരിലാകും സമരം.
തുടര്‍ സമരത്തിനാണ് രൂപം നല്‍കിയിട്ടുള്ളത്. വരും ദിവസങ്ങളിലും ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കും. പരമാവധി പ്രവര്‍ത്തകരെ തെരുവില്‍ ഇറക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിൻ വർക്കി പറഞ്ഞു.