വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ ഏക സിവില്‍ കോഡും രാമക്ഷേത്രവും വിഷയമാക്കാന്‍ ബിജെപി. ഇതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലികളും റോഡ് ഷോയും ഉണ്ടാകും.
ഈ മാസം അവസാനത്തോടെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനാണ് സാധ്യത. രാജ്യത്തെമ്പാടും മോദി ഷോ സംഘടിപ്പിക്കും. വലിയ സംസ്ഥാനങ്ങളില്‍ കുറഞ്ഞത് നാലിടത്തെങ്കിലും മോദി റോഡ് ഷോ നടത്തും. പരമാവധി പ്രചാരണ യോഗങ്ങളിലും നരേന്ദ്ര മോദി പങ്കെടുത്ത് സംസാരിക്കും.
ചെറിയ സംസ്ഥാനങ്ങളില്‍ ഒരു റോഡ് ഷോ എങ്കിലും ഉണ്ടാകും. ഇതിനായുള്ള ഒരുക്കങ്ങള്‍ നടത്താന്‍ അതത് സംസ്ഥാനങ്ങളിലെ ബിജെപി ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കും. കേന്ദ്ര മന്ത്രിമാരും ബിജെപി ദേശീയ ഭാരവാഹികളും തന്നെയാണ് സംസ്ഥാനങ്ങളിലെ ചെറിയ തിെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ക്കും നേതൃത്വം നല്‍കുക.
ഗ്രൂപ്പ് പോര്, പരസ്പരം പോരടിക്കുക തുടങ്ങിയ പ്രവണതകള്‍ ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കില്ലെന്ന് അമിത് ഷാ അടക്കമുള്ള നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയുടെ വിജയത്തിന് തടസ്സമായി പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ക്ക് ഭാവിയില്‍ നേതൃ സ്ഥാനങ്ങള്‍ നല്‍കേണ്ടതില്ലെന്നും തീരുമാനമായിട്ടുണ്ട്.
ഏറ്റവും ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇത് ഏറെ ഗുണം ചെയ്‌തെന്നാണ് കണക്ക് കൂട്ടല്‍.