അത്യന്തം വികാരഭരിതമായ അന്തരീക്ഷത്തിനാണ് ശനിയാഴ്ച മുംബൈയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള പ്രത്യേക കോടതി സാക്ഷ്യം വഹിച്ചത്. ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍ കോടതിയില്‍ പൊട്ടിക്കരയുകയായിരുന്നു.
ജീവിതത്തെ കുറിച്ചുളള എല്ലാ പ്രതീക്ഷയും നശിച്ചെന്നും ജയിലില്‍ മരിക്കുന്നതാണ് ഇതിലും ഭേദമെന്ന് പറഞ്ഞായിരുന്നു നരേഷ് ഗോയലിൻ്റെ കരച്ചില്‍. ഒരു കാലത്ത് ഇന്ത്യന്‍ വ്യവസായ രംഗത്തെ അതി പ്രധാനികളില്‍ ഒരാളായിരുന്നു ഇപ്പോള്‍ 74 വയസ്സുള്ള ഗോയല്‍. ഒരു സാമ്പത്തിക ക്രമക്കേടിൻ്റെ പേരിലാണ് അദ്ദേഹം അറസ്റ്റിലാവുന്നത്. ഇതോടെ ജെറ്റ് എയര്‍വേസ് എന്ന അദ്ദേഹത്തിൻ്റെ സ്വപ്‌ന പദ്ധതിയും തകര്‍ന്നടിയുകയായിരുന്നു.
തൻ്റെ ആരോഗ്യം അനുദിനം വഷളായി കൊണ്ടിരിക്കുകയാണ്. കിടപ്പു രോഗിയായ ഭാര്യയെ കാണാനാകാതെയും ശുശ്രൂഷ നല്‍കാനാവാതെയും മാനസികമായി താന്‍ തകര്‍ന്നു. ഇതിലും ഭേദം ജയിലില്‍ കിടന്നുള്ള മരണമാണ് എന്നിങ്ങനെയായിരുന്നു പൊട്ടിക്കരഞ്ഞുള്ള ഗോയലിൻ്റെ വാക്കുകള്‍.
ഇതോടെ പ്രത്യേക ജഡ്ജി എം ജി ദേശ്പാണ്ഡെ ഇതില്‍ ഇടപെട്ടു. ഗോയലിനായി എന്തൊക്കെ ചെയ്യാനാകുമെന്ന് പരിശോധിക്കാന്‍ അഭിഭാഷകരോട് നിര്‍ദേശിച്ചു. അദ്ദേഹത്തിൻ്റെ ശാരീരിക മാനസിക ആരോഗ്യം സംരക്ഷിക്കാന്‍ എല്ലാ നടപടിയും ഉണ്ടാകുമെന്ന് കോടതി ഉറപ്പും നല്‍കി.
2013 സെപ്റ്റംബര്‍ 14നാണ് നരേഷ് ഗോയല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആവുന്നത്. സ്്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുടെ കണ്‍സോര്‍ഷ്യത്തില്‍ നി്ന്ന് 5716 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ഗോയലിന് പുറമെ ഭാര്യ അനിത, നാല് കമ്പനികള്‍ എന്നിവരും പ്രതികളാണ്.