പുനര്‍ വിവാഹം കഴിച്ചാലും മുസ്ലീം സ്ത്രീക്ക് ആദ്യ ഭര്‍ത്താവില്‍ നിന്ന് ന്യായമായ ജീവനാംശത്തിന് അര്‍ഹത ഉണ്ടെന്ന് മുംബൈ ഹൈക്കോടതി. നിയമത്തില്‍ വിവാഹ മോചിതയായ മുസ്ലീം സ്ത്രീക്ക് മാന്യമായ ജീവനാംശം ഉറപ്പാക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
1986 ലെ എം ഡബ്‌ള്യു പി എ നിയമം മുസ്ലീം സ്ത്രികള്‍ക്ക് വിവാഹ മോചനത്തില്‍ ഉള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്നുണ്ട്. ഇതില്‍ ജീവനാംശത്തിലുള്ള ഉറപ്പുമുണ്ട്. സെക്ഷന്‍ 3(1) (എ) സ്ത്രീക്ക് ജീവനാംശം അവകാശപ്പെടാനുള്ള വകുപ്പാണ്. ആദ്യ ഭര്‍ത്താവ് നല്‍കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റീസ് രാജേഷ് പാട്ടീലിൻ്റെ ചരിത്ര പ്രധാന ഉത്തരവ്. ജനുവരി രണ്ടിനാണ് രാജ്യത്തെ മുസ്ലീം സ്ത്രീകള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വിധി ഉണ്ടായത്.
2005 ഫെബ്രുവരിയിലാണ് ഇരുവരും വിവാഹിതരാവുന്നത്. ഡിസംബറില്‍ മകള്‍ ജനിച്ചു. ഇതിന് ശേഷം ഭര്‍ത്താവ് ജോലിക്കായി വിദേശത്ത് പോയി. 2007ല്‍ യുവതിയും കുഞ്ഞും സ്വന്തം വീട്ടിലേക്ക് പോയി താമസം തുടങ്ങി, ഭര്‍തൃവീട്ടിലെ പ്രശ്‌നങ്ങള്‍ കാരണമാണ് സ്വന്തം വീട്ടിലേക്ക് പോയത്.
ഇതേ ചൊല്ലി ഭര്‍ത്താവ് വഴക്കായി. 2008ല്‍ ഡിവോഴ്‌സ് നടത്തിയതായി പറഞ്ഞ് രജിസ്റ്റേര്‍ഡ് തപാല്‍ അയച്ചു. ഇതിനെതിരെ ഭാര്യ കോടതിയെ സമീപിച്ചു. ജീവനാംശവും ആവശ്യപ്പെട്ടു. 2014 ആഗസ്റ്റില്‍ ചിപ്ലുന്‍ മജിസ്‌ട്രേറ്റ് കോടതി 4.3 ലക്ഷം രൂപ ജീവനാംശം നല്‍കാന്‍ ഉത്തരവിട്ടു. തുക കുറഞ്ഞു പോയതായി കാണിച്ച് യുവതി അപ്പീല്‍ നല്‍കി. 2017 മെയ് മാസത്തില്‍ ഖെഡ് സെഷന്‍സ് കോടതി തുക ഒന്‍പത് ലക്ഷമായി ഉയര്‍ത്തി.
അടുത്ത വര്‍ഷം 2018ല്‍ യുവതി പുനര്‍ വിവാഹിതയായി. 2018ല്‍ ആദ്യ ഭര്‍ത്താവില്‍ നിന്ന് നിയമപരമായ വിവാഹ മോചനവും ലഭിച്ചു. ഇതിന് പിന്നാലെയാണ് യുവതി പുനര്‍ വിവാഹിത ആണെന്നതില്‍ ജീവനാംശം നല്‍കാന്‍ ബാധ്യതയില്ല എന്ന് കാണിച്ച് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിലാണ് ചരിത്ര പ്രധാനമായ ഉത്തരവ്.