സമയബന്ധിതമായി മറുപടി നല്‍കിയില്ലെങ്കില്‍ കര്‍ശ്ശന നടപടി: സംസ്ഥാന വിവരാവകാശ കമ്മീഷണര്‍

0

വിവരാവകാശ നിയമപ്രകാരം വരുന്ന അപേക്ഷകള്‍ക്ക് പൂര്‍ണതയോടെയും വ്യക്തതയോടെയും മറുപടി കൊടുക്കാമെന്നിരിക്കെ ചെറിയ ശതമാനം ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി മറുപടി നല്‍കുന്നതില്‍ വീഴ്ച്ചവരുത്തുന്നതായി സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എം. ശ്രീകുമാര്‍. സമയബന്ധിതമായി മറുപടി നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശ്ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കും. തൃശ്ശൂര്‍ കളക്ട്രേറ്റില്‍ നടന്ന ഹിയറിങിന് ശേഷം സംസാരിക്കുകയായിരുന്നു വിവരാവകാശ കമ്മീഷണര്‍.

വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ക്ക് സമയബന്ധിതമായി മറുപടി നല്‍കണം. അപേക്ഷകള്‍ തികഞ്ഞ ജാഗ്രതയോടെയും ഗൗരവത്തോടെയും കാണണം. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശ്ശന നിര്‍ദേശം നല്‍കിയതായും വിവരാവകാശ കമ്മീഷണര്‍ പറഞ്ഞു.

ഹിയറിങില്‍ 32 അപ്പീലുകള്‍ തീര്‍പ്പാക്കി. 33 അപ്പീലുകളായിരുന്നു പരിഗണിച്ചത്. ഉദ്യോഗസ്ഥര്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ബാക്കിയുള്ള ഒരു അപ്പീല്‍ അടുത്ത സിറ്റിങിലേക്ക് പരിഗണിക്കുന്നതിനായി മാറ്റി.

രണ്ട് ദിവസങ്ങളായി നടന്ന ഹിയറിങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, പൊലീസ്, വിദ്യാഭ്യാസ വകുപ്പ്, റവന്യൂ എന്നീ വകുപ്പുകളുമായ് ബന്ധപ്പെട്ട അപ്പീലുകളാണ് പരിഗണിച്ചത്.