എയര്‍പോര്‍ട്ടില്‍ നിന്ന് ഉയര്‍ന്നു പൊങ്ങിയ വിമാനത്തിൻ്റെ വാതില്‍ ഊരി തെറിച്ചു വീണത് പരിഭ്രാന്തി പരത്തി. മിനിറ്റുകള്‍ക്കകം അടിയന്തരമായി നിലത്തിറക്കാന്‍ കഴിഞ്ഞതിനാല്‍ വലിയ ദുരന്തം ഒഴിവായി.
അലാസ്‌ക്ക എയര്‍ലൈന്‍സിൻ്റെ ബോയിംഗ് 737-9 മാക്‌സ് വിമാനത്തിലാണ് സംഭവം. അമേരിക്കയിലെ പോര്‍ട്‌ലാന്റില്‍ നിന്ന് ഒൻ്റാറിയോയിലേക്ക് പറക്കുകയായിരുന്നു വിമാനം. പോര്‍ട്‌ലാൻ്റ് വിമാനത്താവളത്തില്‍ നിന്ന് ഉയര്‍ന്നു പൊങ്ങി അധികം വൈകാതെയാണ് വിമാനത്തിൻ്റെ മധ്യഭാഗത്തുള്ള വാതില്‍ ഊരിത്തെറിച്ച് വീണത്.
കനത്ത കാറ്റും ആടിയുലയുന്ന വിമാനവും യാത്രക്കാരെ ഭയപ്പെടുത്തി. പൈലറ്റും വിമാന ജോലിക്കാരും ഏറെ പണിപ്പെട്ടാണ് വിമാനത്തെ വീണ്ടും വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയത്. എമര്‍ജന്‍സി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പോര്‍ട്‌ലാൻ്റിലും സമീപ വിമാനത്താവളങ്ങളിലും എല്ലാ ഒരുക്കങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.
171 യാത്രക്കാരും 6 ജോലിക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡ് വിശദമായ അന്വേഷണം ആരംഭിച്ചെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.