നാടിനെ വികസിതമാക്കുന്നത് നാരീശക്തി: നരേന്ദ്ര മോദി

0

രാജ്യത്തിനെ വികസിതമാക്കുന്നത് സ്ത്രീജനങ്ങളുടെ ശക്തിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ സ്വാതന്ത്ര്യാനന്തരം വന്ന കോണ്‍ഗ്രസ്, ഇടതു സര്‍ക്കാരുകള്‍ സ്ത്രീ ശക്തിയെ പരിഗണിച്ചേയില്ല എന്നും പ്രധാനമന്ത്രി. തൃശൂര്‍ വടക്കുംന്നാഥ ക്ഷേത്ര മൈതാനിയില്‍ ചേര്‍ന്ന സ്തീശക്തി മോദിക്കൊപ്പം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.

സ്ത്രീ സംവരണ ബില്‍ നിയമമാക്കിയത് ബിജെപിയാണ്. മുത്തലാക്കില്‍ ബുദ്ധിമുട്ടിയ മുസ്ലീം സ്ത്രീകളെ മോചിപ്പിച്ചത് ഈ സര്‍ക്കാരാണ്. 10 വര്‍ഷത്തിനിടെ സ്ത്രീകളുടെ ജീവിസം സുരക്ഷിതമാക്കാന്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കാനായി.
10 കോടി ഉജ്ജ്വല ഗ്യാസ് പദ്ധതി, 12 കോടി കുടുംബങ്ങള്‍ക്ക് ശൗചാലയം, സൈനിക സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്ക് സംവരണം, പ്രധാനമന്ത്രി വിശ്വകര്‍മോജനയിലൂടെ സ്ത്രീകളുടെ ഉന്നമനം, അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ സൗകര്യം തുടങ്ങിയവയെല്ലാം മോദിയുടെ ഗ്യാരണ്ടിയാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

എന്‍ഡിഎ സര്‍ക്കാരിന് നാല് ജാതികളാണ് ഉള്ളത്. ദരിദ്രര്‍, യുവാക്കള്‍, കര്‍ഷകര്‍, സ്ത്രീകള്‍ എന്നിവരാണ് നമ്മുടെ ജാതികള്‍. അവര്‍ക്ക് സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുകയാണ് എന്‍ഡിഎ സര്‍ക്കാര്‍. ഇവരുടെ പ്രശ്‌നങ്ങള്‍ക്കൊന്നും കോണ്‍ഗ്രസ് ഭരണകാലത്ത് പരിഹാരമായിരുന്നില്ല. ഇപ്പോള്‍ അവരോടൊപ്പം മോദിയുണ്ട് എന്ന ഉറപ്പ് അവര്‍ക്കുണ്ട്.

രാജ്യത്തെ മറ്റിടങ്ങളിലെ പോലെ കേരളം ഒരുപാട് അഭിമാനകരമായ പുത്രിമാര്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. എ വി കുട്ടിമാളു അമ്മ, അക്കമ്മ ചെറിയാന്‍, റോസമ്മ പുന്നൂസ് തുടങ്ങിയവര്‍ സ്വാതന്ത്യം സമര പോരാട്ടത്തിലെ മുത്തുകളാണ്. കാര്‍ത്യായനി അമ്മ, ഭാഗീരഥി അമ്മ തുടങ്ങിയവര്‍ വിദ്യാഭ്യാസത്തിന് പ്രായം തടസ്സമല്ല എന്ന് കാണിച്ചു തന്നു. ആദിവാസി കലാകാരി നഞ്ചമ്മക്ക് ദേശീയ അംഗീകാരം നല്‍കാന്‍ ഈ സര്‍ക്കാരിനായി. ലോകപ്രശസ്തരായ പി ടി ഉഷ. അഞ്ജു ബോബി ജോര്‍ജ് തുടങ്ങിയവര്‍ കേരളത്തിൻ്റെ സംഭാവനയാണ്.

സംസ്ഥാനങ്ങളുമായി സഹകരിച്ച് രാജ്യത്തിൻ്റെ വികസനം എന്നതാണ് എന്‍ഡിഎ സര്‍ക്കാരിൻ്റെ നയം. എന്നാല്‍ മോദി വിരോധത്താല്‍ വികസനം പോലും തടസ്സപ്പെടുത്തുകയാണ് ഇന്‍ഡി മുന്നണി ഭരിക്കുന്ന സംസ്ഥാനങ്ങള്‍. കള്ളക്കടത്തും അഴിമതിയും ആണ് അവര്‍ക്ക് വേണ്ടത്. കേരളത്തില്‍ സ്വര്‍ണക്കടത്ത് ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നത് എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ രാജ്യം അവരുടെ മുന്നണിയെ പരാജയപ്പെടുത്തും.

വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താനും കേരളത്തില്‍ ശ്രമം നടന്നു. തൃശൂരിൻ്റെ മാത്രമല്ല, രാജ്യത്തിൻ്റെ തന്നെ അഭിമാനമാണ് തൃശൂര്‍ പൂരം. ഈ നാരീശക്തി കേരളത്തിൻ്റെ മാറ്റത്തിൻ്റെ തെളിവാണ്. ഇത്രയും സഹോദരിമാര്‍ തന്നെ അനുഗ്രഹിക്കാന്‍ എത്തിയതിന് നന്ദി പറയുന്നു എന്നും നരേന്ദ്ര മോദി പറഞ്ഞു.

ഓരോ വരിയും കേരളത്തിലെ അമ്മമാരെ സഹോദരിമാരെ എന്ന് പറഞ്ഞു കൊണ്ടായിരുന്നു നരേന്ദ്ര മോദി ആരംഭിച്ചത്. ഓരോ വാചകം പറയുമ്പോഴും വനിതകളുടെ നിലക്കാത്ത കയ്യടിയും കാണാമായിരുന്നു. സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ അധ്യക്ഷനായി.