പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിൻ്റെ മണ്ണില്‍ എത്തി. കുറച്ച് വൈകിയെങ്കിലും നാടും നഗരവും മണിക്കൂറുകളായി ശക്തനായ പ്രധാനമന്ത്രിയെ കാണാന്‍ കാത്തിരിക്കുകയായിരുന്നു.
രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലേക്കും തൃശൂര്‍ നഗരത്തിലേക്കും പതിനായിര കണക്കായ സ്ത്രീ ജനങ്ങളുടെ പ്രവാഹമായിരുന്നു. കുട്ടനെല്ലൂര്‍ ഹെലിപാഡില്‍ മോദി ഇറങ്ങി എന്ന വാര്‍ത്ത അറിഞ്ഞതോടെ തൃശൂര്‍ ആര്‍ത്തിരമ്പുകയായിരുന്നു.
രണ്ടു ലക്ഷം സ്ത്രീകള്‍ പങ്കെടുക്കുന്ന സമ്മേളനത്തിലേക്കാണ് നരേന്ദ്ര മോദി എത്തിയത്.
കുട്ടനെല്ലൂരില്‍ നിന്ന് ജനറല്‍ ആശുപത്രി ജംഗ്ഷനിലേക്ക് എത്തിയ അദ്ദേഹത്തെ ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചു. തുടര്‍ന്ന് വാഹനത്തില്‍ റോഡ് ഷോ. കൂടെ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍, നടനും തൃശൂരിലെ ലോക്‌സഭ സ്ഥാനാര്‍ത്ഥിയെന്ന് കരുതുന്ന സുരേഷ് ഗോപി, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് സി നിവേദിത എന്നിവര്‍ മാത്രമായിരുന്നു.
സ്വരാജ് റൗണ്ടിന് ഇരുപുറവും തിങ്ങിനിറഞ്ഞ ജനസഞ്ചയത്തെ അഭിവാദ്യം ചെയ്തും കൈവീശി കാണിച്ചും പ്രധാനമന്ത്രി ആവേശപ്പെരുമഴ തീര്‍ത്തു. ഒന്നര കിലോമീറ്റര്‍ നീളുന്ന റോഡ്‌ഷോ അക്ഷരാര്‍ത്ഥത്തില്‍ സുരേഷ് ഗോപിക്കും മോദിക്കും വന്‍ പിന്തുണ നല്‍കുന്നതായി.
സമ്മേളന നഗരിയിലേക്ക് എത്തിയതോടെ സദസ്സിലും പുറത്തുമുള്ള പതിനായിരക്കണക്കിന് മഹിളകള്‍ ബിജെപി പതാക വീശിയും കൈ വീശിയും നരേന്ദ്ര മോദിയെ സ്വീകരിച്ചു. എല്ലാവര്‍ക്കും കൈവീശി കാണിച്ചും ചിരിച്ചു കാണിച്ചും മോദിയും അവരെ അഭിവാദ്യം ചെയ്തു.