HomeKeralaപശുക്കള്‍ ചത്ത കുട്ടിക്കര്‍ഷകരെ ആശ്വസിപ്പിക്കാന്‍ ജയറാമും മന്ത്രിമാരും

പശുക്കള്‍ ചത്ത കുട്ടിക്കര്‍ഷകരെ ആശ്വസിപ്പിക്കാന്‍ ജയറാമും മന്ത്രിമാരും

തൊടുപുഴയില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന മാനസികമായി തകര്‍ന്ന കുട്ടിക്കര്‍ഷകരെ ആശ്വസിപ്പിക്കാന്‍ നടന്‍ ജയറാം എത്തി. കുട്ടി ക്കര്‍ഷകരായ വെള്ളിയാമറ്റത്ത് മാത്യുവിനേയും ജോര്‍ജിനേയും ആശ്വസിപ്പിച്ച ജയറാം അഞ്ച് ലക്ഷം രൂപയുടെ ചെക്കും നല്‍കി.

ഇതുപോലൊരു അവസ്ഥയിലൂടെ ആറ് വര്‍ഷം മുമ്പ് കടന്നു പോയ ആളാണ് താനെന്ന് ജയറാം പറഞ്ഞു. ഫാമിലെ 22 പശുക്കളാണ് അന്ന് വിഷ ബാധയേറ്റ് ചത്തത്. പുല്ലില്‍ നിന്നുള്ള വിഷാംശമായിരുന്നു കാരണം. അന്നാണ് ഞാനും ഭാര്യയും ജീവിതത്തില്‍ ഏറ്റവും അധികം കരഞ്ഞത്. ഈ രണ്ട് മക്കളുടെ വിഷമം എനിക്ക് നന്നായി മനസ്സിലാകുമെന്നും ജയറാം പറഞ്ഞു.

ജയറാമിൻ്റെ പുതിയ ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചിന് കരുതിയിരുന്ന പണമാണ് കുട്ടികള്‍ക്ക് കൈമാറിയത്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്ന് പുതിയ പശുക്കളെ വാങ്ങാന്‍ സഹായിക്കാമെന്നും ആവശ്യമെങ്കില്‍ കൂടെ വരാമെന്നും ജയറാം വാക്ക് കൊടുത്തു.

മന്ത്രിമാരായ ജെ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും വീട് സന്ദര്‍ശിച്ച് കുട്ടികളെ ആശ്വസിപ്പിച്ചു. സര്‍ക്കാരിൻ്റെ ഭാഗത്ത് നിന്ന് എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. ആദ്യഘട്ട സഹായമായി നാല്‍പ്പത്തി അയ്യായിരം രൂപ മില്‍മ നല്‍കും. അഞ്ച പശുക്കളെ ഇന്‍ഷൂറന്‍സോടെ ക്ഷീര വകുപ്പ് നല്‍കും. ഒരു മാസത്തെ കാലിത്തീറ്റയും നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Most Popular

Recent Comments