മുംബൈ ഭീകരാക്രമണത്തിൻ്റെ ആസൂത്രകനും ലഷ്‌ക്കര്‍ ഇ തോയിബ തലവനുമായ ഹാഫീസ് സയിദിനെ കൈമാറണമെന്ന് പാക്കിസ്താനോട് ഇന്ത്യ ആവശ്യപ്പെട്ടു. നേരത്തെ മുംബൈ ആക്രമണത്തിന് ശേഷവും ഇന്ത്യ ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ വിഷയത്തിൽ ഇതേവരെ പാക്കിസ്താന്‍ പ്രതികരിച്ചിട്ടില്ല.
ഇന്ത്യയും പാക്കിസ്താനും തമ്മില്‍ കുറ്റവാളികളെ കൈമാറുള്ള ഉടമ്പടിയോ ധാരണയോ നിലവില്‍ ഇല്ല. ഇതുകൊണ്ട് തന്നെയാണ് ഇന്ത്യയുടെ ആവശ്യത്തോട് പാക്കിസ്താന്‍ പ്രതികരിക്കാതിരിക്കുന്നത്. എന്നാല്‍ കൊടും ഭീകരനായ ഒരാളെ നിയമനടപടിക്ക് വിധേയനാക്കാന്‍ കൈമാറണമെന്നാണ് ഇന്ത്യയുടെ നിലപാട്.
മുംബൈ ഭീകരാക്രമണ കേസില്‍ ഹഫീസ് സയിദിനെ നിയമ നടപടിക്ക് വിധേയമാക്കണമെന്ന ഇന്ത്യന്‍ കോടതി വിധി പാക്കിസ്താന് നല്‍കിയിട്ടുണ്ട്. പാക്കിസ്താനിലോ ഇന്ത്യയിലോ നിയമ നടപടിക്ക് വിധേയമാക്കണം എന്നാണ് കോടതി നിര്‍ദേശം. അല്‍ ഖ്വയ്ദയുമായുള്ള ബന്ധത്തിലും പ്രവര്‍ത്തനത്തിലും ഉള്‍പ്പെട്ടിട്ടുള്ള സയിദിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10 ലക്ഷം ഡോളര്‍ അമേരിക്ക വാഗ്ദാനം ചെയ്തിരുന്നു.
ഇന്ത്യയുടെ ആവശ്യത്തെ കുറിച്ചുളള ചോദ്യത്തിന് മറുപടി ഇല്ല എന്നായിരുന്നു പാക്കിസ്താന്‍ വിദേശകാര്യ വക്താവിൻ്റെ പ്രതികരണം. ഊഹാപോഹങ്ങള്‍ വെച്ചുള്ള ചോദ്യം എന്ന് പറഞ്ഞായിരുന്നു ഈ മറുപടി.





































