പഞ്ചിമ ബംഗാളിൻ്റെ പുതിയ ഡിജി പിയായി രാജീവ് കുമാറിനെ നിയമിച്ചു. 1989 ബാച്ച് ഐപിഎസുകാരനായ അദ്ദേഹം ഉത്തര്‍പ്രദേശ് സ്വദേശിയാണ്. ഒരു കാലത്ത് മമത ബാനര്‍ജിയുടേയും തൃണമൂല്‍ കോണ്‍ഗ്രസിൻ്റേയും ശത്രുപക്ഷത്ത് ഉണ്ടായിരുന്ന ഓഫീസറെയാണ് ഇപ്പോള്‍ മമത ബാനര്‍ജി സംസ്ഥാനം ഭരിക്കുമ്പോള്‍ ഡിജിപി ആയി നിയമിക്കുന്നത് എന്നത് ഏറെ കൗതുകകരം.
2009ല്‍ മമത ബാനര്‍ജി കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കുമ്പോള്‍ അവരുടെ ഫോണ്‍ ചോര്‍ത്തി എന്ന ആരോപണം നേരിട്ടുണ്ട് രാജീവ് കുമാര്‍. അന്ന് സംസ്ഥാനം ഭരിച്ചിരുന്ന ഇടതു സര്‍ക്കാരിന് വേണ്ടിയാണ് ഇത് ചെയ്തതെന്ന് ടിഎംസി ജനറല്‍ സെക്രട്ടറി ആയിരുന്ന മുകുള്‍ റോയ് ആണ് ആരോപണം ഉന്നയിച്ചത്. സ്‌പെഷ്യല്‍ ടാസ്‌ക്ക് ഫോഴ്‌സ് (എസ്ടിഎഫ്) തലവനായിരുന്നു രാജീവ് കുമാര്‍.
പിന്നീട് മമത ബാനര്‍ജി മുഖ്യമന്ത്രി ആയപ്പോള്‍ ഇതേ രാജീവിന് വേണ്ടി ശബ്ദം ഉയർത്തി. ശാരദ ചിട്ട് ഫണ്ട് കേസില്‍ അദ്ദേഹത്തിന് എതിരെയുള്ള സിബിഐ അന്വേഷണം തടയാന്‍ ഏറെ ശ്രമിച്ചിരുന്നു മമത.
സംസ്ഥാന പൊലീസിലെ ഏറെ ഉന്നതവും പ്രധാനവുമായ പദവികളില്‍ ഇരുന്നിട്ടുണ്ട് രാജീവ് കുമാര്‍. കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍, എസ്ടിഎഫ് ജോയിൻ്റ് കമ്മീഷണര്‍, സിഐഡി ഡയറക്ടര്‍ ജനറല്‍ തുടങ്ങി. പദവികളിലൊക്കെ അദ്ദേഹം പേരെടുത്തു. എസ് ടിഎഫ് തലവനായിരിക്കെ ക്രിമിനലുകളെ അമര്‍ച്ച ചെയ്തും മാവോയിസ്റ്റ് നേതാക്കളെ പിടിച്ചും ശ്രദ്ധ നേടി. എന്നാല്‍ ഇക്കാലയളവില്‍ വ്യാപക വിമര്‍ശനവും ഉണ്ടായി.
കുറ്റാന്വേഷണ രംഗത്തെ മികവാണ് രാജീവിനെ ഭരണക്കാരുടെ പ്രിയ ഓഫീസറാക്കുന്നത്. ശാരദ ഗ്രൂപ്പ് ചെയര്‍മാന്‍ സുദിപ്ത സെന്നിനേയും പാര്‍ട്‌നറായ
ദേബ്ജനി മുക്കര്‍ജിയേയും കാശ്മീര്‍ വരെ പോയാണ് അറസ്റ്റ് ചെയ്തത്.
കുറ്റാന്വേഷണ മികവിലും ഇലക്ട്രോണിക്‌സ് വൈദഗ്ദ്ധ്യത്തിലും പേരെടുത്ത രാജീവ് കുമാര്‍, ശക്തമായ നിലപാടെടുക്കുന്ന ഉദ്യോഗസ്ഥന്‍ ആയാണ് അറിയപ്പെടുന്നത്. എന്നാല്‍ ഭരിക്കുന്നവരുടെ അടുത്തയാള്‍ എന്ന വിശേഷണവും ഉണ്ട്. ഐഐടി റൂര്‍ക്കിയില്‍ നിന്ന് എഞ്ചിനീയറിംഗ് ഡിഗ്രി എടുത്ത ശേഷമാണ് ഐപിഎസിലേക്ക് വരുന്നത്.