HomeKeralaമാധ്യമ പ്രവര്‍ത്തകരെ കേസില്‍ കുടുക്കുന്നത് ഭരണകൂട ഭീകരത: പ്രസ് ക്ലബ്

മാധ്യമ പ്രവര്‍ത്തകരെ കേസില്‍ കുടുക്കുന്നത് ഭരണകൂട ഭീകരത: പ്രസ് ക്ലബ്

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് ചോദ്യം ചെയ്യലിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നോട്ടീസയച്ച പോലീസ് നടപടി പിന്‍വലിക്കണമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് ആവശ്യപ്പെട്ടു. കോടതിയില്‍ നിരന്തരം തിരിച്ചടി കിട്ടിയിട്ടും മാധ്യമ പ്രവര്‍ത്തകരുടെ മേല്‍ കുതിര കയറാനായി പോലീസിനെ അഴിച്ചുവിടുന്ന സര്‍ക്കാര്‍ ഭീകരത തിരുത്തിയില്ലെങ്കില്‍ മാധ്യമ സമൂഹം ഒറ്റക്കെട്ടായി തെരുവില്‍ പ്രതിഷേധിക്കുമെന്ന് പ്രസ് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു

തിരുവനന്തപുരത്ത് പോലീസ് മേധാവിയുടെ ഔദ്യോഗിക വസതിയില്‍ മഹിളാമോര്‍ച്ച നടത്തിയ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസയച്ചിരിക്കുന്നത്. ജന്മഭൂമി ഫോട്ടോഗ്രാഫര്‍ അനില്‍ ഗോപി, ജനം ടിവി റിപ്പോര്‍ട്ടര്‍ രശ്മി കാര്‍ത്തിക, ക്യാമറാമാന്‍ നിഥിന്‍ എബി, എന്നിവരോടാണ് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മ്യൂസിയം പോലീസ് നോട്ടീസ് നല്‍കിയത്. ഗൂഢാലോചന, കലാപ ശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

ഒരു സംഭവമുണ്ടാകുമ്പോള്‍ അതറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകരെ കേസില്‍ കുടുക്കുന്നത് ഭരണകൂട ഭീകരതയാണ്. പോലീസിൻ്റെ വീഴ്ച മറയ്ക്കാന്‍ സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുക്കുന്നത് അപഹാസ്യമാണ്.

നോട്ടീസ് പിന്‍വലിച്ച് കേസില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കി തെറ്റ് തിരുത്താന്‍ കേരള പോലീസ് തയ്യാറാകണമെന്ന് പ്രസ്‌ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനും സെക്രട്ടറി കെ എന്‍ സാനുവും ആവശ്യപ്പെട്ടു.

Most Popular

Recent Comments