HomeKeralaവാർത്ത എടുത്താൽ കേരളത്തിൽ കേസ്: കെയുഡബ്ള്യൂജെ പ്രതിഷേധിച്ചു

വാർത്ത എടുത്താൽ കേരളത്തിൽ കേസ്: കെയുഡബ്ള്യൂജെ പ്രതിഷേധിച്ചു

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിൻ്റെ പേരിൽ മാധ്യമ പ്രവർത്തകർക്ക് എതിരായ പൊലീസ് നടപടിയിൽ കേരള പത്രപ്രവർത്തക യൂണിയൻ ശക്തമായി പ്രതിഷേധിച്ചു. ഡിജിപിയുടെ ഔദ്യോഗിക വസതിയില്‍ മഹിളാമോര്‍ച്ച നടത്തിയ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് പൊലീസ് പുതുതായി കേസ് എടുത്തിട്ടുള്ളത്. നേരത്തെ നവകേരള സദസ്സിൻ്റെ ആഡംബര ബസ്സിന് നേരെ ഷൂ എറിഞ്ഞ സംഭവം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകക്കെതിരെയും കേസ് എടുത്തിരുന്നു.

ജനം ടിവി റിപ്പോര്‍ട്ടര്‍ രശ്മി കാര്‍ത്തിക, ക്യാമറമാന്‍ നിഥിന്‍ എബി, ജന്മഭൂമി ഫോട്ടോഗ്രാഫര്‍ അനില്‍ ഗോപി എന്നിവര്‍ക്കാണ് മ്യൂസിയം പോലീസ് നോട്ടീസ് നല്‍കിയത്. വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് ചോദ്യം ചെയ്യാന്‍ ഹാജരാകാനാണ് നിര്‍ദേശം. ഗൂഢാലോചന, അതിക്രമിച്ചു കയറൽ, സംഘം ചേരൽ, കലാപ ശ്രമം, പോലീസ് ഡ്യൂട്ടി തടസെപ്പടുത്തുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.

ഡി ജി പി യുടെ വീട്ടു വരാന്തയിൽ കയറി ഇരുന്ന് മഹിളാ മോർച്ച പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത് തടയാനാവാഞ്ഞതിന്റെ നാണക്കേട് മറയ്ക്കാൻ സംഭവം റിപോർട്ട് ചെയ്ത മാധ്യമ പ്രവർത്തകർക്ക് എതിരെ കേസെടുക്കുകയാണ്. ഇത് മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റവും നഗ്നമായ അധികാര ദുർവിനിയോഗവും ആണ്.

കേസ് പിൻവലിച്ച് തെറ്റ് തിരുത്താൻ കേരള പോലീസ് തയ്യാറാകണമെന്നും കോടതി തന്നെ റദ്ദാക്കിയിട്ടും സമാന വീഴ്ചകൾ ആവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു.

Most Popular

Recent Comments