തൃശൂര്‍ ജില്ലാ പഞ്ചായത്ത് 28 വര്‍ഷം പൂര്‍ത്തിയാക്കുന്നു; 28 വികസന പദ്ധതികള്‍ക്ക് തുടക്കമാകും

0

തൃശൂര്‍ ജില്ലാ പഞ്ചായത്ത് 28 വര്‍ഷം പൂര്‍ത്തിയാക്കുന്നതിൻ്റെ ഭാഗമായും നിലവിലെ ഭരണസമിതി നാലാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതിനോട് അനുബന്ധിച്ചും 28 വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 30 ന് ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് അനക്‌സ് ഹാളില്‍ റവന്യൂ മന്ത്രി കെ രാജന്‍ വികസന കര്‍മ്മ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷനാകും.

ലൈഫ് ഗുണഭോക്താക്കള്‍ക്ക് വീടും സ്ഥലവും നല്‍കുന്നതിനായി 19,27,14,687 രൂപ (19 കോടി 27 ലക്ഷത്തി 14 ആയിരത്തി അറുനൂറ്റി എൺപത്തിയേഴ്)  അനുവദിച്ചതിൻ്റെ വിതരണം നടത്തും. രാമവര്‍മ്മപുരം ശുഭാപ്തി ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിൻ്റെ ഉദ്ഘാടനവും ഉണ്ടാകും.

കലക്ടറേറ്റിനകത്ത് പ്രവര്‍ത്തനമാരംഭിക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഉദ്ഘാടനം പി. ബാലചന്ദ്രന്‍ എം എല്‍ എയും അംഗണവാടികള്‍ക്ക് വാട്ടര്‍ പ്യൂരിഫയര്‍ വിതരണം ചെയ്യുന്നതിൻ്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജയും നിര്‍വഹിക്കും. കാര്‍ഷിക മേഖലയില്‍ മോട്ടോര്‍ പമ്പ് സെറ്റ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുളാരുണനും ജില്ലയിലെ സ്‌കൂളുകളിലേക്ക് ലാപ്‌ടോപ്പ്, ജില്ലാ ഹോമിയോ ആശുപത്രിയിലെ ഓട്ടോമാറ്റിക് ഹോര്‍മോണ്‍ അനലൈസര്‍ എന്നിവയുടെ സമര്‍പ്പണം ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വീട്ടിപറമ്പിലും നിര്‍വഹിക്കും.

ഇതോടൊപ്പം എസ് സി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ്, ഗ്രാമപഞ്ചായത്ത് വിഹിതം വിതരണോദ്ഘാടനവും വയോജനങ്ങള്‍ക്കായുള്ള ഒളരികരയിലെ സുശാന്തം കെട്ടിടം രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനവും ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എം അഹമ്മദും ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥശാലകള്‍ക്ക് കസേര വിതരണോദ്ഘാടനം പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദീപ എസ് നായരും നിര്‍വഹിക്കും.

മറ്റു വികസന പദ്ധതികള്‍ ജനുവരി 30 നും ജനങ്ങള്‍ക്ക് സമര്‍പ്പിക്കും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഈ വര്‍ഷത്തെ കേരളോത്സവ വിജയികള്‍ക്കുള്ള എവര്‍റോളിംഗ് ട്രോഫിയും പരിപാടിയില്‍ സമ്മാനിക്കും.