വിവാദങ്ങള്‍ക്കിടയില്‍ കുറ്റസമ്മതം നടത്തി തൃണമൂല്‍ എംപി മഹുവ മൊയ്ത്ര. ബിസിനസുകാരനായ ഹിരാനന്ദാനിയില്‍ നിന്ന് ഉപഹാരങ്ങള്‍ കൈപ്പറ്റിയെന്ന് മഹുവ സമ്മതിച്ചു.
രാജ്യത്തെ പ്രധാന വ്യവസായ ഗ്രൂപ്പായ അദാനിയെ കുറിച്ച് പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ ബിസിനസ് ഗ്രൂപ്പായ ഹിരാനന്ദാനിയില്‍ നിന്ന് മഹുവ പണവും സമ്മാനങ്ങളും വാങ്ങിയെന്നാണ് ബിജെപി ആരേപണം. അവരുടെ എംപിയായ നിഷികാന്ത് ദുബെയാണ് ആരോപണം ഉയര്‍ത്തിയത്. ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്കും സിബിഐക്കും പരാതി നല്‍കുകയും ചെയ്തു.
ഇതിന് പിന്നാലെ മഹുവയുടെ പാര്‍ലമെൻ്റിലെ ഔദ്യോഗിക ഇ മെയിലിൻ്റെ പാസ് വേഡ് തനിക്ക് കൈമാറിയിട്ടുണ്ടെന്ന് ഹിരാനന്ദാനി തന്നെ വെളിപ്പെടുത്തിയിരുന്നു. കൂടാതെ ചോദ്യങ്ങള്‍ക്ക് പകരമായി ആഡംബര വസ്തുക്കള്‍ സമ്മാനമായി നല്‍കിയെന്നും ഹിരാനന്ദാനി പറഞ്ഞു.
ഇതേ തുടര്‍ന്ന് പാര്‍ലമെൻ്ററി കാര്യ സമിതിക്ക് മുമ്പാകെ ഹാജരാകാന്‍ മഹുവയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഹാജരാകാമെന്നായിരുന്നു അവരുടെ നിലപാട്. ഇതിനിടയിലാണ് ഉപഹാരങ്ങള്‍ കൈപ്പറ്റിയെന്ന അവരുടെ കുറ്റസമ്മതം.
ഇമെയില്‍ പാസ് വേഡ് കൈമാറിയത് ചോദ്യങ്ങള്‍ തയ്യാറാക്കാനായിരുന്നു എന്നും പണമായിരുന്നില്ല ലക്ഷ്യമെന്നും മഹുവ പറഞ്ഞു. ഒരു ചോദ്യവും എംപിമാര്‍ തയ്യാറാക്കുന്നതല്ല. ഹിരാനന്ദാനിയില്‍ നിന്ന് ഉപഹാരങ്ങള്‍ കൈപ്പറ്റിയിട്ടുണ്ട്. ലിപ്സ്റ്റിക്ക്, മെയ്ക്കപ്പ് സാധനങ്ങള്‍, സ്‌ക്കാര്‍ഫ് തുടങ്ങിയ സാധനങ്ങള്‍ ദര്‍ശന്‍ നന്ദാനി സമ്മാനിച്ചിട്ടുണ്ട്. കൂടാതെ തന്റെ ഔദ്യോഗിക വസതിയുടെ അറ്റകുറ്റ പണികള്‍ക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നും മഹുവ മൊയ്ത്ര സമ്മതിച്ചു.
മഹുവയുടെ ഈ വെളിപ്പെടുത്തല്‍ ടിഎംസിയേയും മമത ബാനര്‍ജിയേയും കടുത്ത സമ്മര്‍ദ്ദത്തിലാക്കും. ഇതുവരെ മഹുവയുടെ പിന്നില്‍ ഉറച്ചു നിന്ന് ബിജെപിയെ കുറ്റം പറഞ്ഞിരുന്ന പ്രതിപക്ഷ നേതാക്കള്‍ക്കും ഇത് തിരിച്ചടിയാണ്.